പൂനെ: ന്യൂഡൽഹിയിലെ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ പ്രാന്ത കൺവീനർമാരുടെ സമ്മേളനം പൂനെയിലെ ശ്രീമതി നാഥിബായി ദാമോദർ താക്കേഴ്സി (SNDT) വനിതാ സർവകലാശാലയിൽ സമാപിച്ചു. രാജ്യത്തെ 40-ലധികം പ്രാന്തങ്ങളിൽ നിന്ന് 200-ത്തിലധികം പ്രവർത്തകരും വിദ്യാഭ്യാസ വിദഗ്ധരും ഭാരവാഹികളും മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.
സംഘടനാ വികസനം, ദേശീയ വിദ്യാഭ്യാസ നയം, ഭാരതീയ ജ്ഞാനപരമ്പര, ഭാരതീയ ഭാഷകൾ, ഭാരതീയഗണിതം, ഗവേഷണം, അധ്യാപക വിദ്യാഭ്യാസം, വ്യക്തിത്വ വികസനം തുടങ്ങി വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിൽ വിപുലമായ ചര്‍ച്ചകൾ നടന്നു. ഭാവിയിലെ പ്രവർത്തനങ്ങൾക്ക് സമഗ്രമായ മാർഗരേഖയും സമ്മേളനം രൂപീകരിച്ചു.
രാജ്യത്തെ 15-ലധികം പ്രാന്തങ്ങളിൽ “ജ്ഞാനസഭകൾ” സംഘടിപ്പിക്കാനും വിദ്യാഭ്യാസം, സമൂഹം, രാഷ്ട്രനിർമാണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങളിൽ അവബോധവും സംവാദവും വളർത്താനും തീരുമാനിച്ചു.
“വിദ്യാഭ്യാസം വികസിത ഭാരതം @2047” എന്ന വിഷയത്തിൽ ശക്തമായ രാജ്യവ്യാപക പ്രചാരണ പരിപാടി ആരംഭിക്കാനും തീരുമാനമായി. വ്യവസായികൾ, വിദ്യാഭ്യാസ വിദഗ്ധർ, ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കുകയും വികസിത ഭാരത നിർമ്മാണത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്കിനെക്കുറിച്ച് പ്രവർത്തന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുകയും ചെയ്യും.
ആഗസ്റ്റ് 1-ന് “വിദ്യാഭ്യാസം വികസിത ഭാരതം” എന്ന വിഷയത്തിൽ ദേശീയ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. രാഷ്‌ട്രിയ സ്വയംസേവക സംഘം സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹോസബാലെ അധ്യക്ഷനാകും. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും നയരൂപീകരണക്കാരും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കും.
ജൂലൈ 2-ന് ഉത്ഥാൻ ന്യാസിന്റെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 100-ലധികം നഗരങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഭാരതീയ വിദ്യാഭ്യാസ ദർശനം, ദേശീയ വിദ്യാഭ്യാസ നയം, സമൂഹകേന്ദ്രിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തും.
വിദ്യാഭ്യാസ മേഖലയിലെ വനിതാ നേതൃപങ്ക് ശക്തിപ്പെടുത്തുന്നതിനായി 2026 ഒക്ടോബറിൽ ജിം കോർബെറ്റിൽ അന്താരാഷ്ട്ര വനിതാ നേതൃസമ്മേളനം സംഘടിപ്പിക്കും. 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള വനിതാ വിദ്യാഭ്യാസ നേതാക്കൾ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വർഷം ഡിസംബർ മുമ്പായി ആത്മനിർഭരതയ്ക്കായുള്ള വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, വേദഗണിതം, വ്യക്തിത്വ വികസനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ദേശീയതലത്തിൽ ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കും.
സി.ബി.എസ്.ഇയുടെ ത്രിഭാഷാ നയം ഫലപ്രദമായി നടപ്പാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സമ്മേളനം പ്രമേയം പാസാക്കി. ഈ നയം ഭാരതീയ ഭാഷകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും ദേശീയ ഐക്യത്തിനും സഹായകരമാകുമെന്ന് പ്രമേയം വ്യക്തമാക്കി.
ഡോ. അതുൽ കോഠാരി (ദേശീയ സെക്രട്ടറി), ശ്രീ എ. വിനോദ് (ദേശീയ കൺവീനർ), ശ്രീ സഞ്ജയ് സ്വാമി, ശ്രീ ഓം ശർമ്മ, ശ്രീ രാജേശ്വർ പരാശർ (ദേശീയ സഹകൺവീനർമാർ), ശ്രീമതി സവിത സെംഗർ (ദേശീയ ജോയിന്റ് സെക്രട്ടറി) ശ്രീ സുരേഷ് ഗുപ്ത (ദേശീയ ഖജാൻജി),എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളന സമാപനത്തിൽ പങ്കെടുത്തവർ വിദ്യാഭ്യാസം വികസിത ഭാരതത്തിന്റെ അടിസ്ഥാനം ആണെന്ന് ചൂണ്ടിക്കാട്ടി. ഭാരതകേന്ദ്രിതവും മൂല്യാധിഷ്ഠിതവും രാഷ്ട്രോന്മുഖവുമായ വിദ്യാഭ്യാസ സംവിധാനത്തിന്റെ രൂപീകരണത്തിനായി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് പ്രതിബദ്ധത ആവർത്തിച്ചു.

















Discussion about this post