ന്യൂദല്‍ഹി: സംഘശതാബ്ദി ആഘോഷമല്ല, മറിച്ച് രാഷ്ട്രവൈഭവത്തിനുള്ള ആഹ്വാനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന്റെ 100 വര്‍ഷത്തെ യാത്ര ത്യാഗത്തിന്റെയും അച്ചടക്കത്തിന്റെയും രാഷ്ട്രത്തോടുള്ള നിരന്തരമായ സമര്‍പ്പണത്തിന്റെയും കഥയാണ്. സമൂഹവുമായുള്ള സമ്പര്‍ക്കം, സംഭാഷണം, പങ്കാളിത്തം എന്നിവ വര്‍ദ്ധിപ്പിച്ചുകൊണ്ട് രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പ്രേരണ നല്കിയ വര്‍ഷമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. രോഹിണി സെക്ടര്‍ 23 ലെ സമരസതസത സ്ഥലില്‍ സംഘടിപ്പിച്ച രാഷ്ട്ര വന്ദനം പരിപാടി യില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
നൂറു വര്‍ഷമായി സ്വയംസേവകര്‍ പരിശ്രമിക്കുന്നു. അത് ഇപ്പോഴും തുടരുന്നു. ഇനിയും തുടരും. അതിനുവേണ്ടിയാണവര്‍ സ്വയംസേവകരായത്. ലോകത്തിലെ മുന്‍നിര രാഷ്ട്രമായി ഭാരതത്തെ പ്രതിഷ്ഠിക്കാനുള്ള ശക്തമായ ആഗ്രഹം രാജ്യത്തിനുള്ളില്‍, പ്രത്യേകിച്ച് യുവതലമുറയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് ശക്തി, ധൈര്യം, സ്ഥിരോത്സാഹം എന്നിവയുണ്ട്. അവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളും ശരിയായ ദിശാബോധവും നല്‍കുകയാണ് വേണ്ടത്. രാഷ്ട്രം പരമോന്നതമാണെന്ന തോന്നല്‍ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ അടിത്തറയായി മാറണം, മുഴുവന്‍ സമൂഹവും ജാതി, ഭാഷ, പ്രദേശം, മതം, മറ്റ് വ്യത്യാസങ്ങള്‍ എന്നിവയ്ക്ക് അതീതമായി ഉയര്‍ന്നുവന്ന് ഒരു രാഷ്ട്രമായി സ്വയം അനുഭവിക്കണം.
ഓരോ വ്യക്തിയും മറ്റുള്ളവരെ തന്റേതായി കണക്കാക്കുകയും രാജ്യത്തിന്റെ സന്തോഷങ്ങളെയും ദുഃഖങ്ങളെയും സ്വന്തമെന്ന് അനുഭവിക്കുകയും ചെയ്യുന്ന ഒരു സമൂഹം സൃഷ്ടിക്കേണ്ടതുണ്ട്. ഈ മനോഭാവം ദേശീയ പുനര്‍നിര്‍മ്മാണത്തിന് അടിസ്ഥാനമായി മാറും, സര്‍സംഘചാലക് പറഞ്ഞു.
ആഗോളതലത്തില്‍ ഭാരതത്തോടുള്ള ബഹുമാനവും പ്രതീക്ഷകളും വളര്‍ന്നുവരുന്നു. ഭാരതത്തിന്റെ സാംസ്കാരിക ദര്‍ശനം, സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യം, സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം, വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തത്തിന്റെ സന്തുലിതാവസ്ഥ എന്നിവ ലോകത്തിന് പ്രചോദനത്തിന്റെ ഉറവിടമായി മാറും. ഭാരതം ഒരു സാമ്പത്തിക, നയതന്ത്രപരമായ ശക്തിയായി മാത്രമല്ല, മുഴുവന്‍ ലോകത്തിനും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും സന്തുലിത ജീവിതത്തിലേക്കുമുള്ള പാത കാണിച്ചുകൊടുക്കുന്ന രാഷ്ട്രമായും മാറേണ്ടതുണ്ട്.
സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ കാതല്‍ സമൂഹത്തോടുള്ള സ്വന്തമെന്ന ഭാവവും നിസ്വാര്‍ത്ഥ സേവനവുമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. വ്യക്തിപരമായ നേട്ടമോ പ്രശംസയോ പ്രതിഫലമോ പ്രതീക്ഷിക്കാതെ പതിറ്റാണ്ടുകളായി സന്നദ്ധപ്രവര്‍ത്തകര്‍ രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിതരായി പ്രവര്‍ത്തിച്ചുവരുന്നു. സമൂഹത്തിന്റെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുക എന്നതാണ് സ്വയംസേവകന്റെ ജീവിതത്തിന്റെ ലക്ഷ്യം.
ഹിന്ദുത്വം എന്നത് നിരന്തരമായ സത്യാന്വേഷണത്തിന്റെ പേരാണെന്ന് മഹാത്മാഗാന്ധി പറഞ്ഞു. ഉണര്‍ന്ന ഹിന്ദുസമൂഹം ലോകത്ത് അതിന്റെ നിയുക്ത ദൗത്യം മുമ്പത്തേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയും തിളക്കത്തോടെയും നിര്‍വഹിക്കും.
നന്മയുടെ ശക്തികളെ സമഗ്രമായ ഒരു ദേശീയ ദൗത്യവുമായി ബന്ധിപ്പിക്കുക എന്നതാണ് ശതാബ്ദിക്ക് ശേഷം സംഘത്തിന്റെ പ്രവര്‍ത്തനം. ശാഖകളുടെയും സ്വയംസേവകരുടെയും എണ്ണം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, എല്ലാറ്റിനുമുപരി ദേശീയ താല്‍പ്പര്യത്തിന് പ്രാധാന്യം നല്കുന്ന ഒരു അവബോധം സമൂഹത്തിലുടനീളം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു.
സംഘടിതവും സ്വാശ്രയപൂര്ണവും സദ്ഗുണയുക്തവും ആത്മവിശ്വാസവുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയും ഭാരതത്തെ വിശ്വഗുരുസ്ഥാനത്തെത്തിച്ച് ലോകക്ഷേമത്തിനും സമാധാനത്തിനും വഴിയൊരുക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും സ്വയംസേവകര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നുവെന്ന് രാഷ്ട്രവന്ദന്‍ പരിപാടിയില്‍ മുഖ്യാതിഥിയായ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹാര്‍ പറഞ്ഞു. 1947-ലെ വിഭജന സമയത്ത്, പഞ്ചാബിലെ സ്വയംസേവകര്‍ സ്വയം പ്രതിരോധം ക്രമീകരിക്കുന്നതിലും ദുരിതാശ്വാസം നല്‍കുന്നതിലും ഹിന്ദുക്കളെയും സിഖുകാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിലും സജീവ പങ്കുവഹിച്ചു. 1962-ലെ ചൈനീസ് അധിനിവേശകാലത്ത് സൈന്യത്തെയും സിവില്‍ ഭരണകൂടത്തെയും സഹായിക്കാന്‍ സ്വയംസേവകര്‍ തങ്ങളുടെ ജീവന് പണയപ്പെടുത്തി, അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഉത്തരക്ഷേത്ര സംഘചാലക് പവന് ജിന്‍ഡാല്‍, ദല്‍ഹി പ്രാന്ത സംഘചാലക് ഡോ. അനില്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.























