സ്വയംസേവകരുടെ തപസ് നൂറ് വര്‍ഷം പിന്നിട്ടു. അത് ഇന്നും തുടരുന്നു. നാളെയും തുടരും. അതിന് വേണ്ടിയാണ് അവര്‍ സംഘസ്വയംസേവകരായത്. ശതാബ്ദി സംഘത്തിന് ആഘോഷമല്ല. അത് ആവുന്നത്ര ആളുകളുമായി ആശയവിനിമയത്തിനും സമ്പര്‍ക്കത്തിനും നേരിട്ടുള്ള സംഘപ്രവര്‍ത്തനത്തിന്റെ വികാസത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. ഇക്കാലയളവില്‍ രാജ്യത്ത് എല്ലായിടത്തും ആവേശം നിറഞ്ഞിരിക്കുന്നു. ഭാരതത്തെ വിശ്വഗുരുവാക്കുന്നതിനുള്ള ആവേശം സമൂഹത്തിലാകെ, പ്രത്യേകിച്ച് പുതുതലമുറയില്‍ പ്രകടമാണ്. അവര്‍ അതിനായി കാര്യമായി പ്രയത്‌നിക്കുന്നു. ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവര്‍ക്ക് ആവശ്യമാണ്.
രാജ്യത്തെക്കാള്‍ പ്രധാനമായി ഒന്നുമില്ല. ഞാന്‍, എന്റെ കുടുംബം, എന്റെ ജാതി, എന്റെ പ്രദേശം, എന്റെ ഭാഷ, എന്റെ വിശ്വാസം, എന്റെ വിഭാഗം, എന്റെ കക്ഷി- ഇതെല്ലാം പിന്നീടാണ് വരുന്നത്.
നമ്മുടെ രാജ്യത്തിന്റെ മുഖവും മനസ്സാക്ഷിയും എന്താണെന്ന് ചര്‍ച്ച നടക്കുന്നു. ഹിന്ദുത്വം തുടര്‍ച്ചയായ സത്യാന്വേഷണത്തിന്റെ പേരാണെന്ന് മഹാത്മാഗാന്ധി പറഞ്ഞു. നെടുനാളത്തെ വിശ്രമത്തിന് ശേഷം അത് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് ലോകത്തിന് വേണ്ടിയുള്ള അതിന്റെ നിയുക്ത ദൗത്യം കൂടുതല്‍ ശക്തിയോടെയും ശോഭയോടെയും നിര്‍വഹിക്കാനാണ്.
സത്യാന്വേഷണത്തിന്റെ ഈ യാത്രയില്‍, നിരവധി ചിന്താധാരകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, വ്യത്യസ്ത ആചാരങ്ങളും പേരുകളും രൂപങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും നമ്മള്‍ ഒരു ജനതയാണ്. ഓരോ പൗരന്റെയും ഹൃദയങ്ങളില്‍ ഈ വികാരം ഉറച്ചുനില്‍ക്കുന്നു. ഭാരതം ഉള്ളില്‍ നിന്ന് ഉണരുകയാണ്.
ജനങ്ങളുടെ ശക്തിയും അതിനെ പിന്തുടരുന്ന ഈ ഹൃദയവികാരവും ഉള്‍ക്കൊണ്ട്, മുഴുവന്‍ സമൂഹവും രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുന്നതിനും ലോകത്തിലെ മുന്‍നിര രാജ്യമാക്കി മാറ്റുന്നതിനുമുള്ള ദൗത്യത്തില്‍ പൂര്‍ണസമര്‍പ്പണം ചെയ്യണം.
ശതാബ്ദികാലത്ത് വിദേശരാജ്യങ്ങളില്‍ സര്‍സംഘചാലകും സര്‍കാര്യവാഹും യാത്ര ചെയ്തു. ഭാരതം, ഹിന്ദുത്വം, സംഘം എന്നിവയെക്കുറിച്ചുള്ള മോശം പ്രചാരണം അതിരുവിടുന്ന സാഹചര്യത്തിലാണ് ലോകത്തോട് അതിന്റെ മറുവശം വിശദീകരിക്കുന്നതിന് വേണ്ടി അത്തരം യാത്ര നടത്തിയത്. ഈ മോശം പ്രചാരവേലയ്ക്കിടയിലും സാധാരണക്കാരും വ്യവസായികളും യുവാക്കളും രാഷ്ട്രീയത്തിനതീതമായി കാര്യങ്ങള്‍ മനസിലാക്കുന്നവരുമായവര്‍ക്കിടയില്‍ ഭാരതത്തെക്കുറിച്ച് അത്ഭുതവും അഭിമാനവും പ്രതീക്ഷയും ഉണ്ടെന്ന് മനസിലാക്കാനായി.
നമ്മള്‍ ഒന്ന്
ഭാരതം സ്വാതന്ത്ര്യം നേടിയപ്പോള്‍, പല പാശ്ചാത്യ പണ്ഡിതരും പറഞ്ഞത് ഈ രാജ്യം അധികകാലം നിലനില്‍ക്കില്ലെന്നാണ്. നമ്മള്‍ പരസ്പരം പോരടിച്ച് ഒടുവില്‍ അവരോട് ഞങ്ങളെ ഭരിക്കൂ എന്ന് ആവശ്യപ്പെടുമെന്നായിരുന്നു അവരുടെ ധാരണ. നമ്മുടെ ഭാരതം വൈവിധ്യപൂര്‍ണ്ണമാണ്. ഇത്രയധികം വൈവിധ്യള്ള ഒരു നാട് നൂറ്റാണ്ടുകളായി ഒരു രാഷ്ട്രമായിരുന്നുവെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അഭിപ്രായ വ്യത്യാസങ്ങള്‍ പുതിയ കാര്യമല്ല. ഒരു ഹിന്ദു കൂട്ടുകുടുംബത്തില്‍, അറുപതോ എഴുപതോ കുടുംബാംഗങ്ങള്‍ ഒരുമിച്ച് താമസിക്കുന്നു. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. എന്നാല്‍ നമ്മള്‍ ഒരു കുടുംബമാണെന്ന് ഓരോ അംഗവും മനസ്സിലാക്കുന്നു എന്നതാണ് പ്രധാനം. ഇത് തന്നെയാണ് രാജ്യത്തെ വൈവിധ്യങ്ങളുടെ കാര്യത്തിലും. നമ്മള്‍ ഭാരതീയര്‍ ഒന്നാണ് എന്ന ബോധമാണ് പ്രധാനം.
രാജ്യത്തെ ഒരു വിദേശി ആക്രമിക്കുന്നു എന്ന വാര്‍ത്ത വരുന്നതോടെ എല്ലാ വ്യത്യാസങ്ങളും അവസാനിക്കും. സൈനികര്‍ മുതല്‍ യാചകര്‍ വരെ, എല്ലാവരും രാജ്യത്തിന് വേണ്ടി പോരാടും. ഒരു നഗരത്തില്‍ കോച്ചിംഗ് ക്ലാസ് നടത്തുകയായിരുന്ന ഒരാള്‍ കാര്‍ഗില്‍ യുദ്ധകാലത്ത്, വര്‍ഷത്തെയാകെ സമ്പാദ്യം യുദ്ധ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. അതേ നഗരത്തില്‍, ഒരു യാചകന്‍ മൂന്ന് ദിവസം ഭിക്ഷയെടുത്തതും ഇതേ ഉദ്ദേശ്യത്തിനായിരുന്നു. എല്ലാവരും ഒരേ വികാരം പങ്കിട്ടു. ഇത് നമ്മുടെ രാജ്യമാണ്, സൈനികര്‍ മാത്രമല്ല, നമ്മളും രാജ്യത്തിന്റെ ക്ഷേമത്തിനായി പോരാടും. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉണര്‍ന്നിരിക്കുന്ന ഈ ഐക്യബോധം ഹൃദയങ്ങളില്‍ ഉറച്ചുനില്‍ക്കുകയും പെരുമാറ്റത്തിലുടനീളം പരസ്പര സൗഹാര്‍ദം നിറയുകയും വേണം.
ലോകത്തിന് അത്ഭുതം
ഭാരതത്തെ ജനാധിപത്യം പഠിപ്പിച്ചതില്‍ വിദേശികള്‍ അഭിമാനിച്ചു, പക്ഷേ അവര്‍ ജനാധിപത്യം ശീലമാക്കിയില്ല. ഏറഎ കഠിനമായ പരീക്ഷണങ്ങള്‍ക്കിടയിലും ഇന്നുവരെ നമ്മള്‍ ജനാധിപത്യം നിലനിര്‍ത്തിയിട്ടുണ്ട്. അവരതിനെ അത്ഭുതത്തോടെയാണ് കാണുന്നത്. ആഗോള സാമ്പത്തിക ബന്ധങ്ങളില്‍ ഭാരതം ഇത്ര വേഗത്തില്‍ ഉയരുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ഭാരതം വ്യക്തിക്ക് മുന്‍ഗണന നല്‍കുക മാത്രമല്ല സമൂഹവുമായി ബന്ധിപ്പിക്കുകയും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഞാന്‍ ഇങ്ങോട്ടേക്ക് വരുമ്പോള്‍ ഭൂപന്‍ ഹസാരികയുടെ ഒരു ഞാന്‍ കേള്‍ക്കുകയായിരുന്നു. ആ ഗാനത്തിലെ ഒരു പ്രയോഗം, ഒരു വ്യക്തി സ്വയം കേന്ദ്രീകൃതനാകുമ്പോള്‍, സമൂഹം വ്യക്തിത്വമില്ലാത്തതായി മാറുന്നു എന്നതാണ്. ഇതാണ് ലോകത്തിന്റെ അനുഭവം. എന്നാല്‍ ഭാരതത്തില്‍ വ്യക്തിസ്വാതന്ത്ര്യവും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഒരേസമയം നമ്മള്‍ സംയോജിപ്പിക്കുന്നു.
നൂതനമായ അറിവിനെ അടിസ്ഥാനമാക്കിയുള്ള പുതിയ വികസന ആശയങ്ങള്‍ നമ്മുടെ പരമ്പരാഗത വികസന രീതികളില്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതും നമ്മുടെ പാരമ്പര്യമാണ്. സ്വരക്ഷയ്ക്കായി നാം ആയുധങ്ങള്‍ ഉപയോഗിക്കാറുണ്ട്. രോഗങ്ങളില്‍ നിന്ന് വിളകളെ സംരക്ഷിക്കാന്‍, ജീവികളെ കൊല്ലുന്ന കീടനാശിനികള്‍ ഉപയോഗിക്കുന്നു. എന്നാല്‍ നമ്മുടെ പരമ്പരാഗതരീതി കീടങ്ങളെ കൊല്ലുന്നതല്ല, നിയന്ത്രിക്കുന്നതാണ്. ഇതിനുള്ള സാങ്കേതികവിദ്യ നമ്മള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് എങ്ങനെ സാധ്യമായി എന്ന് ലോകത്തിന് ജിജ്ഞാസയുണ്ട്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് പഠിക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്; അവയെ തുറന്ന മനസ്സോടെ കാണുകയും പഠിക്കുകയും വേണം. എന്നാല്‍ മറ്റാര്‍ക്കും നല്കാനാത്ത പലതും ലോകത്തിന് കൈമാറാന്‍ നമ്മുടെ പക്കലുണ്ട്.
നിരവധി വിഭാഗങ്ങളും സമൂഹങ്ങളും ഭാരതത്തിലേക്ക് വന്നു. അവര്‍ അന്നുമുതല്‍ സുരക്ഷിതരും ആദരണീയരുമായി ഇവിടെ താമസിക്കുന്നു. ഒരു വിവിധ മതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ഒരു ആര്‍ച്ച് ബിഷപ്പ് എന്നെ ക്ഷണിച്ചു, സഹിഷ്ണുതയോടെ എങ്ങനെ ജീവിക്കാമെന്ന് നിങ്ങള്‍ കാണിച്ചുതരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ഹിന്ദുക്കള്‍ക്ക് എല്ലാത്തിലും ഐക്യവും ഉള്‍പ്പെടലും എങ്ങനെ കണ്ടെത്താനാകുന്നു എന്നത് അദ്ദേഹത്തിന്റെ ജിജ്ഞാസയായിരുന്നു
സ്‌നേഹത്തില്‍ മാത്രം അധിഷ്ഠിതമായി, ഒരു പൈസ പ്രതിഫലമില്ലാതെ നൂറു വര്‍ഷം സമര്‍പ്പണത്തോടെ സേവിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു രീതിശാസത്രം ലോകത്തൊരിടത്തുമില്ല. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അവരുടെ യുവതലമുറയെ ഈ രീതിശാസ്ത്രം പഠിപ്പിക്കാന്‍ സംഘത്തോട് ആവശ്യപ്പെടുന്നു.
സത്യത്തിന്റെ പാതയില്‍ ചരിക്കുക എന്നതാണ് നമ്മുടെ കടമ. ആരെങ്കിലും നമ്മെ പ്രശംസിച്ചാലും വിമര്‍ശിച്ചാലും നമുക്ക് എന്തെങ്കിലും ലഭിച്ചാലും ഇല്ലെങ്കിലും അതേപാതയില്‍ത്തന്നെ നമ്മള്‍ നടക്കും. ഇതുതന്നെയാണ് നമ്മുടെ പ്രതിജ്ഞയും.
സംഘത്തില്‍ ചേര്‍ന്നതിലൂടെ നമുക്ക് കൈവന്നത് പൂജനീയ ഡോക്ടര്‍ജി അനുഭൂതിയിലൂടെ സാക്ഷാത്കരിച്ച സത്യമാണ്. അത് നമ്മുടെ ജീവിതത്തില്‍ പൂര്‍ണ്ണമായി പ്രകടിപ്പിക്കണമെങ്കില്‍, അതേ സ്വഭാവശക്തിയും വ്യക്തിത്വവും കൈവരിക്കണം. അതാണ് നമ്മുടെ തപസ്സ്. സമൂഹത്തിലുടനീളം അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
നമ്മുടെ ദൗത്യം
ലോകത്തിന് ധര്‍മ്മത്തെ നല്‍കാനാണ് ഭാരതം പിറന്നതെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ധര്‍മ്മം എന്നാല്‍ ആരാധനയോ ഭക്ഷണശീലമോ ബാഹ്യ ആചാരങ്ങളോ അല്ല. എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതും എല്ലാവരെയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതുമാണ് ധര്‍മ്മം. അത് ഭൗതികവും ആത്മീയവുമായ സന്തോഷം ഒരേസമയം സാധ്യമാക്കുന്ന ഒന്നാണ്. കടമ നിര്‍ണയിക്കുന്ന നിയമമാണ് ധര്‍മ്മം.
സനാതന ധര്‍മ്മവും ഹിന്ദു രാഷ്ട്രവും ഒന്നുതന്നെയാണെന്ന് യോഗി അരവിന്ദന്‍ പറഞ്ഞു. ലോകത്ത് സനാതന ധര്‍മ്മം ഉയരുമ്പോള്‍ ഭാരതവും ഉയരും. ഭാരതത്തിന്റെ ഉയര്‍ച്ച അനിവാര്യമാണെന്ന് ഉത്തരപാറ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതം നയിക്കണമെന്നാണ് ആഗ്രഹമെന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള ചില ആളുകള്‍ എന്നോട് പറഞ്ഞു. എന്തുചെയ്യണം, എപ്പോള്‍ ചെയ്യണം, എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നയങ്ങള്‍ രൂപീകരിക്കുന്നവരാണ്. എന്നാല്‍ ലോകത്തിന് ഭാരതത്തില്‍ ഏറെ പ്രതീക്ഷകളുണ്ട്. ഭാരതമിന്ന് ലോകത്തിലെ ഏറ്റവും വിശ്വസനീയമായ രാജ്യമാണ്. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്കിടയിലും, ഭാരതം എല്ലാവരോടും സൗഹാര്‍ദ്ദം പുലര്‍ത്തുകയും എല്ലാവരെയും സഹായിക്കുകയും ചെയ്യുന്നു. നമ്മളെ ശത്രുപക്ഷത്ത് കാണുന്ന രാജ്യങ്ങളെ പോലും ഭാരതം സഹായിക്കുന്നു. ഇത് ഈ രാഷ്ട്രത്തിന്റെ സ്വഭാവമാണ്.
ലോകത്തിന് ഭാരതത്തില്‍ പ്രതീക്ഷയുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ അതിന് അനുസരിച്ച് ഉയരാന്‍ നമ്മള്‍ കഠിനമായി പ്രയത്‌നിക്കുകയും വേണം. ആഗ്രഹിച്ചതുകൊണ്ട് മാത്രം ഹൃദയത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാവില്ല.
നൂറു വര്‍ഷത്തിനുള്ളില്‍ സംഘം വളരെയധികം വളര്‍ന്നു. പലരും അതിനെ പ്രശംസിക്കുന്നു. പ്രശംസകള്‍ക്ക് നന്ദിയുണ്ട്. എന്നാല്‍ സ്വയം പ്രശംസ നേടാന്‍ വേണ്ടിയാണോ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാജ്യത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളിലും ഡോ. ഹെഡ്ഗേവാര്‍ ഒരു യഥാര്‍ത്ഥ പ്രവര്‍ത്തകനായി ഒപ്പം നിന്നു. അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗവുമായിരുന്നു.സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ രണ്ടുതവണ ജയിലിലടയ്ക്കപ്പെട്ടു. സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളില്‍ സജീവ പങ്കാളിയായി. അദ്ദേഹം സേവന പ്രവര്‍ത്തനങ്ങളില്‍ സ്വയം ഏര്‍പ്പെട്ടിരുന്നു. ഇതെല്ലാം ചെയ്യുമ്പോള്‍ത്തന്നെ താത്കാലിക പരിഹാരങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്ന പൊതു അനുഭവം അദ്ദേഹം തിരിച്ചറിഞ്ഞു. പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം മനസിലാക്കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാരതത്തിലെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മാനവേന്ദ്രനാഥ് റോയ്. പിന്നീട് അദ്ദേഹം ഒരു റാഡിക്കല്‍ ഹ്യൂമനിസ്റ്റായി. റാഡിക്കല്‍ ഹ്യൂമനിസം എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹത്തിനുണ്ട്. അതില്‍ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.
പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും, അവരുടെ ജീവിതത്തില്‍ മാറ്റം വരുത്തുകയും, മാറ്റത്തിനായുള്ള ശ്രമങ്ങളില്‍ അവരെ ഉള്‍പ്പെടുത്തുകയും ചെയ്തില്ലെങ്കില്‍, ഭാരതത്തില്‍ ഒരു നല്ല പ്രവൃത്തിയും വിജയിക്കില്ലെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം തുടര്‍ന്നു പറയുന്നു, ‘ഇത് ഒരു നീണ്ട പാതയാണെന്ന് എനിക്കറിയാം. എന്നാല്‍ ഇതാണ് ഏക വഴി എങ്കില്‍, ഇതുതന്നെയാണ് ഏറ്റവും നല്ല വഴി, ഇതുതന്നെയാണ് ഏറ്റവും ചെറിയ വഴിയും. കാരണം ഇതാണ് ഏക വഴി.’
സമാജ പരിവര്‍ത്തനത്തിന്റെ വഴി
ഭാരതത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നിരവധി മഹത്തുക്കള്‍ സാമൂഹിക മാറ്റത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭാരതമാതാവിനോടുള്ള ഭക്തി ആവശ്യമാണ്. അമ്പത് വര്‍ഷമായി, നിങ്ങളുടെ ദേവന്മാരെയും ദേവതകളെയും മറന്ന്, ഭാരതമാതാവിനെ നിങ്ങളുടെ ആരാധനാപാത്രമായി കണക്കാക്കുകയും അവളുടെ ദശലക്ഷക്കണക്കിന് മക്കളെ സേവിക്കുകയും ചെയ്യണമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ദരിദ്രരെയും അജ്ഞരെയും ദൈവങ്ങളായി കണക്കാക്കി സേവിക്കുണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക അച്ചടക്കവും സാമൂഹിക ബോധവും ആവശ്യമാണെന്ന് ഭഗിനി നിവേദിത പറഞ്ഞു. ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍, ദേശസ്നേഹത്തിന്റെ ദൈനംദിന പ്രകടനം പൗരനിയമങ്ങളും അച്ചടക്കവും പാലിക്കുകയും കാരുണ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്.
ഇന്നലെ ഞാന്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു. നോബല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ത്ഥി അവിടെ ഉണ്ടായിരുന്നു. ശ്രീരാമന്റെ കഥാപാത്രത്തില്‍ നിന്ന് കാരുണ്യത്തിന്റെ ഒരു സവിശേഷ ഗുണം അദ്ദേഹം വേര്‍തിരിച്ചെടുത്തു, അത് തന്റെ രചനകളിലൂടെ പ്രകടമാക്കി, അത് എല്ലാവര്‍ക്കുമായി അവതരിപ്പിച്ചു. കാരുണ്യം വെറും സഹാനുഭൂതി മാത്രമല്ല, സജീവമാകണം. സമൂഹത്തിന്റെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍, അത് ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കുന്നതാണ് കരുണ.
ജയപ്രകാശ് നാരായണനുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍മ്മ വരുന്നു. ധല്‍ഹിയില്‍ ഒരു വലിയ ക്യാമ്പ് നടന്നു. ജയപ്രകാശ് നാരായണന്‍ ക്യാമ്പ് സന്ദര്‍ശിക്കാന്‍ വന്നു. 1975 ന് മുമ്പായിരുന്നു അത്. അവിടെ എത്തിയപ്പോള്‍ അദ്ദേഹം വളരെ അത്ഭുതപ്പെട്ടു. മുഴുവന്‍ ക്യാമ്പും കണ്ടപ്പോള്‍, ചെലവുകള്‍ കുറവാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. സ്വയംസേവകര്‍ അവരുടെ ചെലവുകള്‍ സ്വയം വഹിക്കുകയാണെന്ന് അദ്ദേഹത്തിന് മനസിലായി. പ്രധാനപ്രവര്‍ത്തകരുമായി അദ്ദേഹം പരിചയപ്പെട്ടു. എഴുപതോളം പേരുണ്ടായിരുന്നു. സംഘത്തിലെത്തിയിട്ട് മുപ്പത് വര്‍ഷമായി, അമ്പത് വര്‍ഷമായി എന്നൊക്കെ ഓരോരുത്തരും പരിചയപ്പെട്ടു. അദ്ദേഹത്തിന് അതിശയമായി. ഇത്രവര്‍ഷമായിട്ടും നിങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ആരും നിങ്ങളോട് നന്ദി പോലും പറയുന്നില്ല. എന്നിട്ടും ഈ പ്രവര്‍ത്തനം തുടരാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ് എന്ന് അദ്ദേഹം ചോദിച്ചു. പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.
‘സമൂഹത്തിന്റെ കഷ്ടപ്പാടാണ് പ്രവര്‍ത്തനത്തിന്റെ പ്രചോദനം. അത് കാണുമ്പോള്‍ സമാധാനത്തോടെ ഇരിക്കാനാവില്ല. ആ കഷ്ടപ്പാടില്ലാതാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാനാണ് ഞങ്ങള്‍ പുറപ്പെട്ടത്.’
ഇതൊന്നും വാക്കുകളിലൂടെയോ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിലൂടെയോ സംഭവിക്കുന്നതല്ല. സ്വന്തമെന്ന തോന്നലില്‍ നിന്നാണ് ഈ പ്രേരണ ഉദിക്കുന്നത്. സമൂഹത്തിന്റെ പ്രവര്‍ത്തനം നിലനില്‍ക്കുന്നത് വ്യവസ്ഥകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമല്ല, പരസ്പരമുള്ള സൗമനസ്യത്തിലാണ്.
നിയമങ്ങളും സംവിധാനങ്ങളും സഹായകരമാണ്. അവ പാലിക്കുന്നതിന്റെ അടിസ്ഥാന ഭാവം ഇത് നമ്മുടെ സമൂഹമാണ്, നമ്മുടെ രാജ്യമാണ്, നമ്മുടെ നഗരമാണ് എന്നതായിരിക്കണം.’ വൃത്തിയുള്ള ഒരു നഗരത്തിന് സ്വന്തമാണെന്ന ബോധം അത്യാവശ്യമാണ്. അതുപോലെ, മെച്ചപ്പെട്ട ഒരു ഭാരതത്തിനും സ്വന്തമാണെന്ന ബോധം അത്യാവശ്യമാണ്. സംഘപ്രവര്‍ത്തനത്തിന്റെ അടിത്തറതന്നെ സ്വന്തമെന്ന ഈ ബോധമാണ്.
വിശ്രമത്തിന് നേരമില്ല
ഡോ. ഹെഡ്ഗേവാറിന്റെ ഹൃദയത്തില്‍ ഉദിച്ച കാരുണ്യം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രകടമായി. അവിടെ നിന്നാണ് നമ്മള്‍ യാത്ര പുറപ്പെട്ടത്. സ്വന്തം കഴിവുകളില്‍ നമ്മള്‍ ആകുലപ്പെട്ടില്ല, അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളെ പരിഗണിച്ചില്ല, വിഭവങ്ങളെയും മാര്‍ഗങ്ങളെയും പരിഗണിച്ചില്ല. നമ്മള്‍ പുറപ്പെട്ടു. പതുക്കെപ്പതുക്കെ ഒരു യാത്രാസംഘമായി മാറി. പക്ഷേ നമ്മള്‍ ഇപ്പോഴും എന്തിനാണ് നീങ്ങുന്നത്? നൂറു വര്‍ഷമായി. ഇത്രയും വലിയൊരു സൈന്യം നിലകൊള്ളുന്നു. ഇനി, കുറച്ച് വിശ്രമിക്കണോ? നോക്കൂ, വിശ്രമിക്കാന്‍ സമയമില്ല. ചെയ്തുതീര്‍ക്കാന്‍ ഇനിയുമേറെയുണ്ട്.
രാജ്യത്ത് സംഘം എന്ന പേരില്‍ ഒരു സ്വാധീനമുള്ള വിഭാഗത്തെ സൃഷ്ടിക്കാന്‍ നമ്മള്‍ പുറപ്പെട്ടില്ല. ഇന്ന്, ആ സ്വാധീനം അത് നേടിയിട്ടുണ്ട്. എന്നാല്‍ അത് വ്യാപിക്കുന്നതിലൂടെ, മുഴുവന്‍ സമൂഹത്തെയും സംഘമയമാക്കണം. ശാഖയിലേക്ക് വന്നില്ലെങ്കിലും ഗണവേഷം ധരിച്ചില്ലെങ്കിലും സംഘഭാവം പടരണം.
വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും സമൂഹത്തെ സ്വന്തമെന്ന് കരുതി രാഷ്ട്ര താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും പ്രവര്‍ത്തിക്കണം. ഇതിനായി ഓരോ വ്യക്തിയും സ്വന്തം പോരായ്മകളെ മറികടന്ന് സദ്ഗുണങ്ങള്‍ സ്വീകരിക്കുന്നതിനായി തപസ്സ് ചെയ്യണം.
സമൂഹത്തില്‍ നന്മയുടെ അന്തരീക്ഷം നിലനില്‍ക്കട്ടെ, നന്മയുടെ ശക്തികള്‍ നിശബ്ദമാകരുത്. മറിച്ച് സംസാരിക്കണം. ഈ സദ്ഗുണശക്തിയെ അടിസ്ഥാനമാക്കി, സാമൂഹിക വ്യവസ്ഥകള്‍ക്ക് ദിശയും മാര്‍ഗനിര്‍ദേശവും ലഭിക്കണം. സ്വന്തം വിധി നിര്‍ണ്ണയിക്കുകയും അതിന്റെ സംവിധാനങ്ങള്‍ സുഗമമായി നടത്തുകയും ചെയ്യുന്ന ഒരു സ്വാശ്രയ സമൂഹം സൃഷ്ടിക്കപ്പെടട്ടെ.
സ്വാതന്ത്ര്യം, പരമാവധി തുല്യത, വിവേചനമില്ലായ്മ, എല്ലാവര്‍ക്കും ബഹുമാനവും സ്വീകാര്യതയും, എല്ലാവര്‍ക്കും നീതി… അത്തരത്തിലൊരു സമൂഹ രചന സാധ്യമാവണം. സമൂഹം അതിന്റെ തനിമയെ അടിസ്ഥാനമാക്കി ജീവിതം കെട്ടിപ്പടുക്കണം, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിക്കണം, എന്നാല്‍ സ്വഭാവത്തിന്റെയും സത്യത്തിന്റെയും അടിത്തറ ഒരിക്കലും ഉപേക്ഷിക്കരുത്.
അമൃതമഥനത്തിന്റെ കഥയുണ്ട്. കൗസ്തുഭവും പാരിജാതവും ധന്വന്തരിയുമൊക്കെ മഥനത്തിലുയര്‍ന്നുവന്നിട്ടും ഭഗവാന്‍ ശിവന്‍ അവയെയൊന്നും സ്വീകരിക്കാന്‍ തയാറായില്ല. എന്നാല്‍ വിഷമുയര്‍ന്നപ്പോള്‍ അത് പാനം ചെയ്തു. ലോകത്തിന്റെ ക്ഷേമത്തിനായി, ശിവന്‍ നിരന്തരം കരുതലോടെ തയ്യാറാണ്. സംഘത്തെയും സമൂഹത്തിന്റെ സൃഷ്ടിപരമായ ശക്തിയെയും ഉള്‍ക്കൊള്ളുന്ന, ആ ശിവന്റെ പങ്ക് വഹിക്കുന്ന ഒരു ഏകീകൃത ശക്തിയെ നാം കെട്ടിപ്പടുക്കണം. ഇത് സൃഷ്ടിക്കുന്ന അന്തരീക്ഷത്തില്‍, ഈ സമൂഹം സംഘടിതവും സദ്ഗുണപൂര്‍ണ്ണവുമായിത്തീരുകയും നമ്മുടെ രാജ്യത്തെ മഹത്തരമാക്കുകയും ചെയ്യും. വിശ്വഗുരുവായി മാറുന്ന ഭാരതം ലോകത്തിന് മുഴുവന്‍ സന്തോഷവും സമാധാനവും നല്‍കുന്ന ഒരു പുതിയ രചന നടത്തും.
ആ ദിവസം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണം. അതിനായി ഒരു നൂറു വര്‍ഷം ഇനിയും കാത്തിരിക്കേണ്ടതില്ല. നമ്മുടെ കഠിനാധ്വാനം തുടരാം, സമ്പര്‍ക്കത്തിലൂടെയും ആശയവിനിമയത്തിലൂടെയും സമൂഹത്തിലെ എല്ലാ സദ്ഗുണശക്തികളെയും ഒന്നിപ്പിക്കുക, അവരെ പരസ്പര പൂരകമാക്കുക, അവരെ ഒപ്പം നിര്‍ത്തുക. ഇത് മുഴുവന്‍ രാജ്യത്തിന്റെയും പ്രവര്‍ത്തനമാണ്. സംഘത്തിന്റെ പ്രവര്‍ത്തനം സംഘത്തിന് മാത്രമുള്ളതല്ല. എല്ലാവരും ഈ പ്രവര്‍ത്തനത്തില്‍ ഒരുമിച്ചുണ്ടാവണം.














