ന്യൂദല്‍ഹി: രാഷ്ട്രവന്ദനത്തിന് മുന്നോടിയായി പഞ്ചപരിവര്‍ത്തനത്തിന്റെ പ്രായോഗിക മാതൃകകള്‍ തീര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. പൊതുജന പങ്കാളിത്തത്തിലൂടെ സാമൂഹിക മാറ്റത്തിനായുള്ള മൂന്ന് പ്രധാന പ്രമേയങ്ങള്‍ നടപ്പാക്കിയാണ് ദല്‍ഹി പ്രാന്തത്തിലെ പ്രവര്‍ത്തകര്‍ രാഷ്ട്രവന്ദനത്തിനെത്തിയത്. മാലിന്യമുക്ത നഗരം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുകളായിരുന്നു ഒരു തീരുമാനം. ദല്‍ഹിയിലെ 19 കോളനികളില്‍ മാലിന്യ സംസ്കരണത്തിനും മാലിന്യം കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി ആരംഭിച്ചു.
മയക്കുമരുന്ന് രഹിത സമൂഹം സൃഷ്ടിക്കുക എന്നതായിരുന്നു രണ്ടാമത്തെ പ്രവര്‍ത്തനം. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് യുവാക്കളില്‍ അവബോധം വളര്‍ത്തുകയും അവരെ മാറ്റത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, സാമൂഹിക സംഘടനകളുമായും സര്‍ക്കാരിതര സംഘടനകളുമായും സഹകരിച്ച് ഇതുവരെ പതിനയ്യായിരത്തിലേറെ യുവാക്കളിലേക്കാണ് സ്വയംസേവകര്‍ എത്തിയത്.













