ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് മുഹമ്മദ് സയീദിന്റെ മകന്‍ ഹാഫിസ് തല്‍ഹ സയീദ് പ്രഖ്യാപിത ഭീകരവാദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്‍റെ വകുപ്പുകള്‍ പ്രകാരമാണ് പ്രഖ്യാപനം. ഹാഫിസ് തല്‍ഹ സയീദ് ലഷ്‌കര്‍ ഇ തൊയ്ബയുടെ മുതിര്‍ന്ന നേതാവും മതമൗലികവാദികളുടെ തലവനുമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ലഷ്‌കറെ റിക്രൂട്ട്മെന്റ്, ഫണ്ട് ശേഖരണം, ആസൂത്രണം ചെയ്യല്‍, ആക്രമണങ്ങള്‍ എന്നിവയില്‍ ഇയാള്‍ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്. തല്‍ഹയുടെ പിതാവും ജമാഅത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി 31 വര്‍ഷം തടവിന് ശിക്ഷിച്ച ദിവസമാണ് തല്‍ഹ സയീദിനെതിരായ വിജ്ഞാപനം വരുന്നത്. പാകിസ്ഥാനിലുടനീളമുള്ള വിവിധ ലഷ്‌കര്‍ ഇ തൊയ്ബ കേന്ദ്രങ്ങള്‍ ഇയാള്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഇന്ത്യ, ഇസ്രായേല്‍, അമേരിക്ക എന്നിവയ്ക്കെതിരെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെ ഇന്ത്യന്‍സമൂഹങ്ങള്‍ക്കെതിരെയും ജിഹാദിന് വേണ്ടി പ്രചരണം നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിന് 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമം 2019 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഈ ഭേദഗതിക്ക് മുമ്പ്, സംഘടനകളെ മാത്രമേ ഇത്തരത്തില്‍ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമായിരുന്നുള്ളൂ. ഭേദഗതിയെത്തുടര്‍ന്ന്, യുഎപിഎ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 2020 ജൂലൈയില്‍ മന്ത്രാലയം ഒമ്പത് വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിച്ചു.
2019 സപ്തംബറില്‍ ഈ ഭേദഗതി വരുത്തിയ വ്യവസ്ഥ നടപ്പിലാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നാല് വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിച്ചു, അതില്‍ മൗലാന മസൂദ് അസ്ഹര്‍, ഹഫീസ് സയീദ്, സാകി ഉര്‍ റഹ്മാന്‍ ലഖ്വി, ദാവൂദ് ഇബ്രാഹിം എന്നിവരും ഉള്‍പ്പെടുന്നു.
2020 ജൂലൈയില്‍ തീവ്രവാദികളായി പ്രഖ്യാപിക്കപ്പെട്ട ഒമ്പത് പേരില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ‘ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍’ മേധാവി വാധ്‌വ സിംഗ് ബബ്ബര്‍, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ‘ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍’ മേധാവി ലഖ്ബീര്‍ സിംഗ്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ‘ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്’ മേധാവി രഞ്ജിത് സിങ് പ്രധാന അംഗം, ഗുര്‍മീത് സിംഗ് ബഗ്ഗ, ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്’ മേധാവി പരംജിത് സിംഗ്, ഭൂപീന്ദര്‍ സിംഗ് ഭിന്ദ, ഗുര്‍പത്വന്ത് സിങ് പന്നൂന്‍, ഹര്‍ദീപ് സിങ് നിജ്ജാര്‍, കാനഡ ആസ്ഥാനമായുള്ള ‘ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്’ മേധാവി എന്നിവരും ഉള്‍പ്പെടുന്നു.
Discussion about this post