ന്യൂദല്‍ഹി: ഷഹീന്‍ബാഹിലെ അനധികൃതകൈയേറ്റ പ്രശ്‌നത്തില്‍ മുതലെടുപ്പിനുള്ള സിപിഎമ്മിന്റെ നീക്കം ഇന്നലെ സുപ്രീംകോടതിയില്‍ പൊളിഞ്ഞു. അനുകൂല വിധി സമ്പാദിച്ച് വാര്‍ത്തകളില്‍ ഇടം നേടാനുള്ള സിപിഎമ്മിന്‍റെ നീക്കം തിരിച്ചറിഞ്ഞാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവുവും ജസ്റ്റിസ് ബി. ആര്‍. ഗവായിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പ്രതികരിച്ചത്. സിപിഎമ്മിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥിന്‍റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
ഏപ്രില്‍ മുതല്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടക്കുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍റെ ഉത്തരവിലുണ്ടെന്ന് കോടതി വ്യക്തമാക്കി. എല്ലാ കൈയേറ്റക്കാര്യങ്ങളിലും ഞങ്ങള്‍ ഇടപെടുന്നൊന്നുമില്ല. എല്ലാത്തിലും ഇടപെടാന്‍ ആവില്ലെന്നാണ് ജഹാംഗീര്‍ പുരി സംഭവത്തില്‍ ഞങ്ങള്‍ കപില്‍ സിബലിനോടും പറഞ്ഞത്. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഇരയായവര്‍ക്ക് ഉചിതമായ വേദിയെ സമീപിക്കാന്‍ അവസരം നല്‍കാം.അതും ഇല്ലാതാക്കണോ. കോടതി പാര്‍ട്ടി അഭിഭാഷകനോട് ചോദിച്ചു.
ബുള്‍ഡോസറുകളുമായാണ് അധികൃതരുടെ വരവ്. കെട്ടിടം തകര്‍ക്കാനാണ് വരവ് എന്നാണ് ഇതിനര്‍ഥം എന്ന് സുരേന്ദ്രനാഥ് പറഞ്ഞു. അനധികൃതമാണെങ്കിലും എന്റെ വീട് തകര്‍ക്കരുത് എന്ന് പറഞ്ഞുവരാന്‍ ഞങ്ങള്‍ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ജസ്റ്റിസ് റാവു പറഞ്ഞു. ഈ വിഷയത്തില്‍ ഞങ്ങള്‍ ഇടപെടില്ല, അതും ഒരു പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം, ജസ്റ്റിസ് റാവു പറഞ്ഞു. ഇതുപോലെ പരാതികള്‍ നല്‍കുന്നത് ശരിയല്ല മിസ്റ്റര്‍ സുരേന്ദ്രനാഥ്. ഹൈക്കോടതിയില്‍ പോകേണ്ടതിനു പകരം നിങ്ങള്‍ ഒരു ദിവസം മുഴുവന്‍ ഇവിടെ ചെലവിട്ടു. ഹൈക്കോടതി ഹര്‍ജി സ്വീകരിക്കില്ലെന്നു പറഞ്ഞ് ചിലര്‍ ഹര്‍ജിയുമായി ഇവിടേക്ക് വരുന്നു. നിങ്ങള്‍ അതിരു കടക്കുകയാണ്, ജസ്റ്റിസ് റാവു തുടര്‍ന്നു. ഹര്‍ജി ഹൈക്കോടതി സ്വീകരിക്കില്ലെന്ന് പറയാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കും. നിങ്ങള്‍ ഹൈക്കോടതിയെ അവമതിക്കുകയാണ്. 226 എ വകുപ്പു പ്രകാരം ഹൈക്കോടതിക്ക് വിപുലമായ അധികാരമാണുള്ളത്, ജസ്റ്റിസ് ഗവായ് പറഞ്ഞു. നിങ്ങള്‍ ഹൈക്കോടതിയില്‍ പോകുകയും അവിടെ ഹര്‍ജി തള്ളുകയുമായിരുന്നവെങ്കില്‍ ഞങ്ങള്‍ക്ക് മനസിലാക്കാം. പക്ഷെ നിങ്ങള്‍ അവിടെ പോയി പോലുമല്ല, ഹര്‍ജിയുമായി നേരെ ഇങ്ങോട്ടു വന്നു. ജസ്റ്റിസ് റാവു പറഞ്ഞു.
വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഹര്‍ജിക്കാരെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കൈയേറ്റക്കാര്‍ക്ക് എതിരെ കാലങ്ങളായി നടന്നുവരുന്ന നടപടിയാണിത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമ പ്രകാരം പൊതുവഴി കൈയേറിയവരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കേണ്ടതുമില്ല. കൈയേറ്റങ്ങളെപ്പറ്റി സമീപവാസികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതി നല്‍കിയ ചില ഉത്തരവുകള്‍ പ്രകാരമാണ് കൈയറ്റം ഒഴിപ്പിക്കല്‍. രാഷ്ട്രീയ കോലാഹലത്തിനു വേണ്ടി വസ്തുതകള്‍ എപ്രകാരമാണ് വളച്ചൊടിക്കുന്നതെന്ന് കണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ തകര്‍ക്കുന്നുണ്ടെന്നാണ് സിപിഎമ്മിന്റെ അഭിഭാഷകന്‍ പറയുന്നത്. ഈ വിവരം അദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടിയത്. സോളിസിറ്റര്‍ ജനറല്‍ ചോദിച്ചു.
ഹൈക്കോടതി ഉത്തരവു പ്രകാരമാണ് ഒഴിപ്പിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്നു വേണം വിചാരിക്കാനെന്ന് കോടതി പറഞ്ഞു. അതിനാലാണ് അവര്‍ ഹൈക്കോടതിയെ സമീപിക്കാത്തത്, വ്യക്തികള്‍ പോലും അവിടേക്ക് പോകാത്തത്, സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
സംഭവം കൈവിട്ടുവെന്ന് ബോധ്യമായതോടെ സിപിഎമ്മിന്‍റെ അഭിഭാഷകന്‍ നിലപാട് മാറ്റി. ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. എന്നാല്‍ രണ്ടാഴ്ചത്തേക്ക് കെട്ടിടങ്ങള്‍ തകര്‍ക്കരുതെന്ന് ഉത്തരവിടണമെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചു.
ഇന്നുവരെ( ചൊവ്വ) ഒന്നും ചെയ്യരുതെന്ന് സോളിസിറ്റര്‍ ജനറലിനോട് നിര്‍ദ്ദേശിച്ച സുപ്രീം കോടതി ഞങ്ങള്‍ ഈ നിര്‍ദ്ദേശം നല്‍കുന്നത് നിങ്ങളുടെ( സിപിഎമ്മിന്‍റെ ) ആവശ്യപ്രകാരമല്ലെന്നും വ്യക്തമാക്കി. ഹൈക്കോടതിയില്‍ വിഷയം ഉന്നയിക്കാന്‍ ജസ്റ്റിസ് റാവു സോളിസിറ്റര്‍ ജനറലിനോടും പറഞ്ഞു.
ഷഹീന്‍ബാഗില്‍, ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞതാണ്. തകര്‍ക്കലില്‍ നിന്ന് സുപ്രീം കോടതി രക്ഷിച്ചുവെന്ന് തലക്കെട്ട് (മാധ്യമങ്ങളില്‍) വരുത്താനാണ് ഇവരുടെ ശ്രമം. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. തുടര്‍ന്ന് സിപിഎം അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ച് തലയൂരി.
Discussion about this post