പത്തനംതിട്ട: ജില്ലയിലെ എൽഡി ക്ലർക്ക് നിയമനം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. 25 പേരെ തിരഞ്ഞെടുത്തതിൽ രണ്ടുപേർക്ക് മാത്രം നേരത്തെ തന്നെ നിയമന ഉത്തരവ് കിട്ടിയെന്നായിരുന്നു ആരോപണം.
പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനത്തിന് നവംബർ 18നാണ് നിയമന ഉത്തരവ് ഇറക്കിയത്. തുടർന്ന് രണ്ട് ഉദ്യോഗാർത്ഥികൾ 21ന് അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. ശേഷിക്കുന്ന 23 ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടിയിരുന്നില്ല. ബാക്കിയുള്ള 23 പേർക്ക് ചൊവ്വാഴ്ചയാണ് പോസ്റ്റൽ വഴി ഉത്തരവ് അയച്ചത്. 25 പേർക്കും ഒരുപോലെ പോസ്റ്റൽ വഴി ഉത്തരവ് അയക്കണമെന്നതാണ് ചട്ടം. ഇത് ലംഘിച്ചായിരുന്നു രണ്ട് പേർക്ക് മാത്രം ആദ്യം നിയമന ഉത്തരവ് നൽകിയത്.
സംഭവത്തിൽ പ്രതിഷേധവുമായി എൻജിഒ സംഘ് കളക്ടറേറ്റിൽ എത്തിയിരുന്നു. ഔദ്യോഗിക നിയമന രേഖ ഓഫീസിൽ നിന്നും ചോർത്തി നൽകി നിയമനത്തിന്‍റെ വിശ്വാസ്യത തകർത്ത കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
Discussion about this post