ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ മതഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍റെ ഒന്നാം ബലിദാന ദിനാചാരണത്തോട് അനുബന്ധിച്ച് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജാഗ്രത ജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ബിജെപി, സംഘവിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ മാത്രമല്ല, സാധാരണക്കാരെയും കൊലചെയ്യുന്നു. എന്നാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ല. ഇടതു സര്‍ക്കാര്‍ ഭീകരവാദത്തിന് മുന്നില്‍ കീഴടങ്ങി. കേരളം പലമേഖലകളിലും ഔന്നത്യത്തില്‍ നില്‍ക്കുന്ന നാടായാണ് അറിയപ്പെടുന്നത്.
എന്നാല്‍ ഇന്ന് കേരളം ഭീകരവാദികളുടെ കേന്ദ്രമായി മാറി. രാജ്യത്ത് എവിടെ ഭീകരാക്രമണം ഉണ്ടായാലും പ്രതികളെ പിടികൂടുന്നത് കേരളത്തില്‍ നിന്നാണ്. മികച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരുടെ പേരില്‍ അറിയപ്പെട്ടിരുന്ന കേരളം ഇന്ന് മതഭീകരവാദികളുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. യുവാക്കള്‍ തൊഴിലിനായി അന്യദേശങ്ങളിലേക്ക് പോകേണ്ടി വരുന്നു. കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന ജനത മതഭീകരതയ്ക്ക് മുന്നില്‍ കീഴടങ്ങിയ സര്‍ക്കാരിനെ തൂത്തെറിയാന്‍ മുന്നോട്ട് വരണം. ഒന്നിന്‍റെയും മുന്നില്‍ കിഴടങ്ങുന്നതല്ല നമ്മുടെ സംസ്‌ക്കാരം. ഉത്തര്‍പ്രദേശില്‍ മതഭീകരവാദികളെ ചെറുവിരലനക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല. എന്നാല്‍ കേരളത്തില്‍ എല്ലാ സംരക്ഷണവും ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുകയാണ്.
സാധാരണക്കാര്‍ക്ക് നേരെ അക്രമം തുടര്‍ന്നാല്‍ പിണറായി വിജയന് അധികകാലം ഭരണത്തില്‍ തുടരാനാകില്ല. രാഷ്ട്രവിരുദ്ധ ശക്തികളെ ചെറുക്കാന്‍ നാം ഒരോരുത്തരും സജ്ജമാകണമെന്നും അവര്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, മേഖലാ പ്രസിഡന്റ് കെ. സോമന്‍, ദേശീയ കൗണ്‍സിലംഗം വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ, മേഖലാ ഭാരവാഹികള്‍, രണ്‍ജീത് ശ്രീനിവാസന്റെ സഹോദരന്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്‍ സ്വാഗതവും, എല്‍. പി. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
രാവിലെ രണ്‍ജീത് ശ്രീനിവാസിന്‍റെ ആറാട്ടുപുഴ വലിയ അഴീക്കലിലെ സ്മൃതിയിടത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രണ്‍ജീതിന്‍റെ ആലപ്പുഴയിലെ വീട്ടില്‍ ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി യശ്പാല്‍ എ. സുവര്‍ണ, മുന്‍ എംപി ഡോ. എസ്. കെ. കാര്‍വേന്തന്‍, സംസ്ഥാന പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അരുണ്‍ പ്രകാശ്, സതീഷ് പൂങ്കുളം തുടങ്ങിയവര്‍ പങ്കെടുത്തു. ബലിദാന ദിനാചാരണത്തിന്‍റെ ഭാഗമായി ആര്‍എസ്എസ് ആലപ്പുഴ നഗര്‍ സാംഘിക് നടത്തി. പ്രാന്ത സഹകാര്യവാഹ് കെ. പി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തി.
Discussion about this post