തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തരും ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ സർവകലാശാലയുടെ വിലയിരുത്തൽ. ബിരുദദാന ചടങ്ങിൽ വിതരണം ചെയ്ത മുഴുവൻ സർട്ടിഫിക്കറ്റുകളും 24 മണിക്കൂറിനകം തിരികെ വാങ്ങാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ജന്മഭൂമിയോട് പറഞ്ഞു.
സര്‍വകലാശാല നല്കുന്ന സര്‍ട്ടിഫിക്കറ്റല്ല വിതരണം ചെയ്തത്. പ്രിന്‍സിപ്പല്‍ തയാറാക്കിയ സര്‍ട്ടിഫിക്കറ്റാണ്. വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണോ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് എന്ന് പരിശോധിക്കേണ്ടത് പ്രിന്‍സിപ്പലാണ്. അവിടെയാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
ഈ മാസം 15നായിരുന്നു ബിരുദ ദാന ചടങ്ങ്. ബിരുദം നല്കിയ പട്ടികയിലെ 64 പേരില്‍ ഏഴുപേര്‍ രണ്ടാം വര്‍ഷ പരീക്ഷ ജയിക്കാത്തവരാണ്. പിടിഎ ഭാരവാഹിയുടെ മകനും ജയിക്കാതെ ബിരുദം നേടിയവരുടെ കൂട്ടത്തിലുണ്ട്. എസ്എഫ്‌ഐ നേതൃത്വം നല്കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ നല്കിയ പട്ടിക അനുസരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് കോളജ് അധികൃതരുടെ ന്യായീകരണം.
അതേസമയം വിദ്യാര്‍ഥികള്‍ കോഴ്‌സ് പാസായി എന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ നല്കിയ സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ഥികള്‍ക്ക് നല്കിയതെന്നാണ് വിവരം. ഈ സര്‍ട്ടിഫിക്കറ്റും ബിരുദ ദാന ചടങ്ങിന്‍റെ ദൃശ്യങ്ങളും ഉപയോഗിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാകും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആയിരുന്നു മുഖ്യാതിഥിയെങ്കിലും ഓണ്‍ലൈനായാണ് പങ്കെടുത്തത്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
Discussion about this post