പാലക്കാട്: സമൂഹത്തിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ ലഹരിവിമുക്ത കേന്ദ്രങ്ങള്‍ ലക്ഷ്യപൂര്‍ത്തിയിലെത്തുകയുള്ളൂ എന്ന് മുന്‍ ഡിജിപിയും ചീഫ് എക്സൈസ് കമ്മീഷണറുമായ ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. വടക്കന്തറയില്‍ പ്രവര്‍ത്തനമാരംഭിച്ച ദേവി ഡി-അഡിക്ഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍റെ അനുബന്ധ സ്ഥാപനമാണിത്.
സംസ്ഥാനത്തെ ചീഫ് എക്സൈസ് കമ്മീഷണറായി ചുമതല ഏറ്റെടുക്കുമ്പോള്‍ എവിടെയും ഇത്തരത്തിലൊരു സെന്റര്‍ ഉണ്ടായിരുന്നില്ലെന്ന് ഋഷിരാജ് സിങ് പറഞ്ഞു. തൂത്തുക്കുടിയില്‍ മാത്രമാണ് മികച്ച രീതിയിലുള്ള ഒരു സെന്റര്‍ ഉണ്ടായിരുന്നത്. ചില ആശുപത്രികളില്‍ ഒരു ഘടകമായി ഉണ്ടായിരുന്നുവെന്നു മാത്രം. എന്നാല്‍, സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളാണ് ചുമതല ഏറ്റെടുത്തപ്പോള്‍ത്തന്നെ ആരംഭിച്ചത്. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യുകയും 1700 വിദ്യാലയങ്ങളില്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കേരളം നേരിടുന്ന ഈ പ്രശ്നത്തെ സംബന്ധിച്ച് അന്നത്തെ എക്സൈസ് മന്ത്രിയുമായി സംസാരിച്ചപ്പോള്‍ അനുകൂല സമീപനമാണ് ഉണ്ടായത്. ആ ചര്‍ച്ചയില്‍നിന്നാരംഭിച്ചതാണ് വിമുക്തി പദ്ധതി. ഇതിനായി 100 കോടിരൂപ അനുവദിച്ചു. ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും വിപുലമായ സംവിധാനത്തോടുകൂടിയ സെന്ററുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. സമൂഹത്തില്‍ നടക്കുന്നത് ചര്‍ച്ചകള്‍ മാത്രമാണ്. പരിഹാരം എവിടെയും നിര്‍ദേശിക്കപ്പെടുന്നില്ല, നടപ്പാക്കുന്നുമില്ല. ഇത് നിര്‍ഭാഗ്യകരമാണ്.
ഇത്തരം സ്ഥാപനങ്ങളില്‍ തുടര്‍നടപടികളിലെ അനിവാര്യതയും വേണ്ടത്ര പ്രചരണം നല്‍കുന്നതില്‍ തദ്ദേശവാസികളുടെ പിന്തുണയും അദ്ദേഹം എടുത്തു പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. മാത്തൂര്‍ വെട്ടിക്കാട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ദേവാനന്ദപുരി അനുഗ്രഹപ്രഭാഷണവും ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ്, കൗണ്‍സിലര്‍ ജയലക്ഷ്മി, മെഡിക്കല്‍ മിഷന്‍ സിഇഒ ഡോ.വി. നാരായണന്‍, വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.പി.എസ്. മേനോന്‍, എസ്. സജിമോന്‍, സേവാഭാരതി സംസ്ഥാന സെക്രട്ടറി സുരേഷ് സംസാരിച്ചു.
മൂന്നരപതിറ്റാണ്ടായി വടക്കന്തറയില്‍ മികച്ച രീതിയില്‍ ഡോ. നാരായണന്‍, ഭാര്യ ഗിരിജ നാരായണന്‍ എന്നിവര്‍ നടത്തിയിരുന്ന ആശുപത്രിയാണ് സെന്ററിനായി വിട്ടുനല്‍കിയിട്ടുള്ളത്.
Discussion about this post