സന്നിധാനം: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങള്‍ക്ക് സായൂജ്യമേകി നാളെ ശനിയാഴ്ച പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തില്‍നിന്നുള്ള തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയും വിശേഷാല്‍ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്.
തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയില്‍വെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടില്‍വെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. എം.എസ് ജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന് ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിക്കും.തിരുവാഭരണങ്ങള്‍ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍മാരുടെ കൈകളില്‍ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തില്‍ ഉണ്ടാകും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നടക്കും.
ശനിയാഴ്ച പകൽ 12 മണി വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തുമായി ലക്ഷക്കണക്കിന് ഭക്തരാണ് തമ്പടിച്ചിരിക്കുന്നത്. ജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിച്ചു. തുടര്‍ന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകള്‍ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ നടന്നു.
Discussion about this post