തിരുവനന്തപുരം: എല്ലാ ഭാരതീയ ഭാഷകളും രാഷ്ട്രഭാഷയാണെന്നും ഭാഷകളുടെ പേരില്‍ വിവാദം ഉണ്ടാക്കി രാജ്യത്തിന്‍റെ ഏകത്വം തകര്‍ക്കാനുള്ള ചിലരുടെ കുത്സിത ശ്രമം തിരിച്ചറിയണമെന്നും എബിവിപി ദേശീയ സഹ സംഘടനാ സെക്രട്ടറി എസ്. ബാലകൃഷ്ണ. ടാഗോര്‍ തിയേറ്ററില്‍ എബിവിപി 38-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതം അമേരിക്കയെ പോലെയോ ജപ്പാനെപോലെയോ യൂറോപ്പിനെ പോലെയോ ആകുവാനല്ല ശ്രമിക്കേണ്ടതെന്നും എല്ലാ അര്‍ത്ഥത്തിലും ഭാരതം ഭാരതമായി മാറുകയാണ് വേണ്ടതെന്നും ബാലകൃഷ്ണ പറഞ്ഞു. അതിനായി 69 ശതമാനം വരുന്ന ഭാരതത്തിന്‍റെ യുവജനത തയ്യാറായി മുന്നോട്ടുവരണം. 2047 ല്‍ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അതിന്‍റെ സാക്ഷാത്കാരം നമുക്ക് ദൃശ്യമാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കൊളോണിയലിസം ഭാരതത്തില്‍ പിടിമുറുക്കിയത് നമ്മുടെ തനതായ വിദ്യാഭ്യാസ മേഖലയെ തച്ചുടച്ചിട്ടാണെന്നും സ്വാതന്ത്ര്യം നേടി 75 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള അടിമത്തത്തില്‍ നിന്ന് പൂര്‍ണമായി മോചനം നേടാന്‍ സാധിച്ചിട്ടില്ലെന്നും സ്വാഗതസംഘം ചെയര്‍മാനായ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഉദ്ഘാടന വേദിയില്‍ എബിവിപി മുഖപത്രമായ ഛാത്രവിചാറിന്‍റെ പ്രകാശനവും നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ.അരുണ്‍ കടപ്പാല്‍ അധ്യക്ഷത വഹിച്ചു. കെ.പി.കൈലാസ് നാഥ് സംസാരിച്ചു.
Discussion about this post