ശബരിമല: സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മകരവിളക്ക് ദിനത്തില്‍ അയ്യനെ കാണാന്‍ സന്നിധാനത്തെത്തി. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് വിധിപറഞ്ഞ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ യുവതീപ്രവേശനം ആചാരവിരുദ്ധമെന്ന് വ്യക്തമാക്കിത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെ എത്തിയ അവര്‍ രാത്രി തന്നെ ദര്‍ശനം നടത്തി. തുടര്‍ന്ന് ഇന്നലെ മകരജ്യോതിയും കണ്ടാണ് മലയിറങ്ങിയത്. മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഭിന്നവിധി. ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വിധിയെഴുതിയിരുന്നു. 2007ല്‍ സുപ്രീംകോടതിയിലെ സീനിയര്‍ അഡ്വക്കേറ്റായ രണ്ടാമത്തെ വനിതയാണ് ഇന്ദു മല്‍ഹോത്ര. ബാറില്‍ നിന്ന് നേരിട്ട് നിയമനത്തിന് തെരഞ്ഞെടുത്ത ആദ്യത്തെ വനിതാ ജഡ്ജിയായ ഇവര്‍ക്ക് ശബരിമല വിധിയില്‍ വ്യാപകമായ സൈബര്‍ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. 66-ാം വയസില്‍ ശബരീശനെ കണ്ട നിര്‍വൃതിയിലാണ് ഇന്ദു മല്‍ഹോത്ര മലയിറങ്ങിയത്.
Discussion about this post