കൊച്ചി: ഹിന്ദു വിരുദ്ധതയുടെ കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരവും നിലപാടുമാണെന്നും ഇതിന്റെ തെളിവാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രസ്വത്തുക്കളെപ്പറ്റി ഇന്നലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയെന്നും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ പറഞ്ഞു. മാസപ്പടി വാര്‍ത്ത പൊതുജനം ചര്‍ച്ച ചെയ്യുന്നതില്‍ നിന്നു രക്ഷപ്പെടേണ്ടത് ഇരുമുന്നണികളുടെയും ആവശ്യമാണ്. ഈ ഗൂഢലക്ഷ്യം മുന്‍നിര്‍ത്തിയാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സ്വത്തുക്കളെപ്പറ്റി നിയമസഭയില്‍ അനാവശ്യമായി ചര്‍ച്ച നടത്തിയതെന്നും വിഎച്ച്പി നേതാക്കള്‍ ആരോപിച്ചു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളെ അധീനതയില്‍ ആക്കി സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് നടക്കുന്നത്. ക്രമസമാധാന തകര്‍ച്ച, ഹൈന്ദവ വിരുദ്ധ നടപടികള്‍, അഴിമതി, ധനകമ്മി തുടങ്ങിയ ഗുരുതരമായ വിഷയങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അതില്‍ മൗനം പാലിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കളെപ്പറ്റി ചര്‍ച്ച നടത്തുകയും തീരുമാനങ്ങള്‍ എടുക്കുന്നതും ഗൂഢാലോചനയുടെ ഭാഗമാണെന്നും വിഎച്ച്പി നേതാക്കള്‍ വ്യക്തമാക്കി.
രണ്ട് മുന്നണികളെയും നയിക്കുന്നതും അവര്‍ക്കായി തീരുമാനങ്ങള്‍ എടുക്കുന്നതും മറ്റു ചിലരാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയ പൊതു സിവില്‍ കോഡ് വിരുദ്ധ ബില്‍ ഇതിന് തെളിവാണ്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രീണനമാണ് ഇരു മുന്നണികളും നടത്തുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നയത്തെ ശക്തമായി എതിര്‍ക്കും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സ്വത്തിനെ പറ്റിയുള്ള ചര്‍ച്ചയും ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ ദുരുഹ സാഹചര്യത്തില്‍ പറക്കാന്‍ ഇടയായ സാഹചര്യവും കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടു.
Discussion about this post