വർക്കല : നാരായണ ഗുരുകുലാധ്യക്ഷനും എഴുത്തുകാരനും ചിന്തകനും സന്യാസിയുമായ പദ്മശ്രീ ഗുരു മുനിനാരായണ പ്രസാദ് സമാധിയായി. സ്വകാര്യ മെഡിക്കൽ കോളജിൽ പുലർച്ചെ 3.55നായിരുന്നു അന്ത്യം. ശ്രീനാരായണ ഗുരു ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയാണ് 87 കാരനായ ഗുരു മുനിനാരായണ പ്രസാദ്. 1960-ല്‍ തന്റെ 22-ാം വയസ്സില്‍ ഗുരുകുലത്തിലെത്തിയ അദ്ദേഹം 1999-ല്‍ നിത്യചൈതന്യയതി സമാധിയായതു മുതല്‍ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനും ഗുരുവുമാണ്. 2024-ൽ അദ്ദേഹത്തിന് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
സിവില്‍ എന്‍ജിനീയറായി പരിശീലനം നേടിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്താണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. 1968ല്‍ അദ്ദേഹം രാജിവച്ചാണ് നാരായണ ഗുരുകുലത്തില്‍ ചേര്‍ന്നത്.1923ല്‍ നാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരുവാണ് ഗുരുകുലം സ്ഥാപിച്ചത്.
മുന്‍ഗാമികളുടെ അതേ ജ്ഞാനമാര്‍ഗ്ഗ സംസ്‌കാരത്തിലൂടെ പ്രസ്ഥാനത്തെ നയിക്കുന്ന ഗുരുവര്യന്‍. ലളിത ജീവിതവും ഏകാഗ്രമായ ജ്ഞാനദീക്ഷയും നിര്‍വ്വഹിച്ചു. ചാഞ്ചല്യമില്ലാത്ത മനസ്സിന്റെ ഉടമയായ അദ്ദേഹത്തിന്റെ തെളിമയാര്‍ന്ന ബുദ്ധി എഴുത്തിലും പ്രഭാഷണങ്ങളിലും അദ്ധ്യാപനത്തിലുമായി നിറഞ്ഞുകവിയുന്നു.
ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾക്ക് അദ്ദേഹം എഴുതിയ അവതാരികയും സാരാംശവും ഗുരുദേവ കൃതികളുടെ ആധികാരിക വ്യാഖ്യാനംതന്നെയാണ്. ഗുരുകുലത്തിന്റെ വിചാരപ്രധാനമായ പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് നാരായണ ദര്‍ശനത്തേയും ബ്രഹ്മവിദ്യയേയും പഠിപ്പിച്ചുകൊണ്ട് വാര്‍ദ്ധക്യത്തേയും അനാരോഗ്യത്തേയും നേരിട്ടുകൊണ്ട് അദ്ദേഹം വര്‍ക്കല ഗുരുകുലത്തില്‍ കഴിയുകയായിരുന്നു.
















Discussion about this post