കോഴിക്കോട് : ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ പ്രശസ്ത നാടക സംവിധായകനും അദ്ധ്യാപകനുമായ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്തു. എ പ്ലസ് നേടാനുള്ള ഓട്ടത്തിനിടയില്‍ ജീവിക്കാന്‍ മറന്നുപോകുന്ന ബാല മനസുകളെയാണ് എല്ലായിടത്തും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരസ്പര സ്‌നേഹം, കരുണ, സാഹോദര്യം എന്നിവയുടെ അളവറ്റ നിധികളായി ഓരോ കുട്ടിയും മാറേണ്ടിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളുടെ അതിരുവിട്ട ഉപയോഗം യുവജനതയെ വഴിതെറ്റിക്കുന്നത് ഏറെ ആശങ്കയോടെയാണ് സമൂഹം വീക്ഷിക്കുന്നത്. മൂല്യബോധവും ദേശീയബോധവും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ യുവതലമുറയെ ഭാരതീയ സംസ്‌കൃതിയിലധിഷ്ടിതമായ ജീവിത പന്ഥാവിലൂടെ നയിക്കാനുള്ള കരുത്തും നേതൃപാടവവുമുള്ള വ്യക്തികളെ വാര്‍ത്തെടുക്കാന്‍ ബാലഗോകുലത്തിന് സാധിക്കും. വായന പോലെ ജീവിതത്തിന് ഗുണം ചെയ്യുന്ന ലഹരി നുണയാതെ, രാസലഹരിയില്‍ ജീവിതം ഹോമിക്കുന്ന യുവതലമുറയ്‌ക്ക് നേര്‍വഴി കാട്ടിക്കൊടുക്കാന്‍ ബാലഗോകുലത്തിന്
സാധിക്കുമെന്നും സ്വാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് സത്യന്‍ മുദ്ര പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ എം. രാജീവന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സഭയില്‍ ബാലഗോകുലം കേരള സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, ഉത്തരകേരളം അധ്യക്ഷന്‍ എം. സത്യന്‍, പി. പ്രശോഭ്, വി.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 28 വരെ നടക്കുന്ന ശില്പശാലയില്‍ ഉത്തരകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി നൂറോളം ബാലമിത്രങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 27ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം സിനിമ പിന്നണി ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്യും.
















Discussion about this post