കോഴിക്കോട് : സമൂഹത്തിൽ ജാതി ചിന്ത തീർത്തും ഇല്ലാതാവണമെന്ന് ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി പറഞ്ഞു. ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കുന്ദമംഗലത്ത് നടന്ന പൗരപ്രമുഖ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം ഇന്ന് ജാതിക്ക് പ്രാധാന്യം കൊടുക്കുന്നു. അറുന്നൂറോളം ജാതി ഉപജാതികളായി തങ്ങൾ പ്രത്യേകം പ്രത്യേകമാണെന്ന് ചിന്തിക്കുന്നു. സാമൂഹ്യ ജീവിതത്തിന് അനുഗുണമല്ലാത ആചാരങ്ങൾ ഉപേക്ഷിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. വർത്തമാന കാല സമൂഹത്തിന് അനുകൂലമല്ലാത്ത ആചാരങ്ങൾ പോയേ തീരൂ. സ്ത്രീ – പുരുഷ സമത്വത്തിനെതിരായ ചിന്ത ഇല്ലാതാകണം. ഡോ. അംബേദ്കർ തയ്യാറാക്കിയ ഭരണഘടന നാം ഭാരതീയരാണെന്ന ചിന്ത മുന്നോട്ടു വെക്കുന്നു. ഭാഷയുടേയും സംസ്ഥാനത്തിൻ്റെയും പേരിൽ പ്രത്യേക അഭിമാനം കൊള്ളേണ്ടതില്ല.140 കോടി ജനങ്ങൾ ഹിന്ദുക്കളാണ്, ഭാരതീയരാണ് എന്ന ബോധം ഉണ്ടാകണം.
ഭാരതീയ കുടുംബ വ്യവസ്ഥ ഉത്കൃഷ്ടമാണെങ്കിലും കുടുംബ ബന്ധങ്ങൾ ശിഥിലമാകുകയും വിവാഹമോചനം കൂടുതലാകുകയും ചെയ്യുന്നു. വ്യക്തികേന്ദ്രിത ചിന്ത കൂടിവരുന്നു. പുതിയ തലമുറയിൽ ശരിയായ സംസ്കാരം വളർത്താൻ കുടുംബത്തിലൂടെയും വിദ്യാഭ്യാസ പദ്ധതിയിലൂടെയും കഴിയണം. പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണത്തിൻ്റെയും സമീപനം ജീവിതത്തിൽ ഉൾക്കൊള്ളണം. അദ്ദേഹം പറഞ്ഞു. ആർഎസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആർ എസ് എസ് ഉത്തര കേരള പ്രാന്ത സഹ ബൗദ്ധിക് പ്രമുഖ് കെ. എസ്. അനീഷ് ,ഇ. ജിജിലാഷ്, സി.കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു.














Discussion about this post