കാസർകോട്: കഴിഞ്ഞ 100 വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) കൃത്യമായ ചുവടുവെപ്പുകളിലൂടെയും സവിശേഷമായ പ്രവർത്തനങ്ങളിലൂടെയും ഭാരതീയ നാഗരികതയെ സംരക്ഷിക്കാനാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് ആർ.എസ്.എസ്. സഹ സർകാര്യവാഹ് മുകുന്ദ് സി.ആർ. പറഞ്ഞു. സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം കാസർകോട് ആർ.കെ. മാളിലെ ഗ്രാൻഡോർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പ്രബുദ്ധ ഭാരത്’ വൈചാരിക സദസ്സിലും സംവാദ പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ അടിസ്ഥാന സനാതന മൂല്യങ്ങളെ ആഴത്തിൽ പഠിച്ച ചിന്തകർ നാഗരികതയെ എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തിനിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം എന്ന ലക്ഷ്യത്തോടെ, സമാജ പരിവർത്തനത്തിന്റെ എല്ലാ മേഖലകളിലും അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ സംഘത്തിന് സാധിച്ചിട്ടുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ക്രോഡീകൃത രൂപമാണ് ഹിന്ദുസമൂഹത്തിന്റെ പരിവർത്തനത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. രാഷ്ട്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള നമ്മുടെ വികാരമാണ് നമ്മുടെ അടിസ്ഥാന മൂലധനം. പ്രബുദ്ധരായ എല്ലാ ജനങ്ങളും ഒത്തുചേർന്ന് നാഗരികതയെ നിലനിർത്തുന്ന സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംഘത്തിന്റെ രജിസ്ട്രേഷനെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായി, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവർത്തനത്തിനിടയിൽ സംഘം ആരുടെയും മുന്നിൽ സാമ്പത്തിക സഹായത്തിനായി കൈനീട്ടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വയംസേവകർ നൽകുന്ന ഗുരുദക്ഷിണ മാത്രമാണ് സംഘത്തിന്റെ പ്രധാന വരുമാനമാർഗ്ഗം. സമൂഹത്തിന് വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തുടച്ചുനീക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി.കെ. ശ്രീനിവാസൻ, ജില്ലാ കാര്യവാഹ് പ്രഭാകരൻ മാസ്റ്റർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേരള ഉത്തര പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് ലോകേഷ് ജോഡുകൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.














Discussion about this post