പാലക്കാട്: ദേശീയ താത്പര്യവും അതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള സര്‍ഗാത്മക ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (ബിപിഇഎഫ്), കേരളം സര്‍ക്കിളിന്റെ 18-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതിക വിദ്യയില്‍ ഭാരതം കുതിച്ചുകയറുകയാണെന്നും സംഘടിത തൊഴിലാളികളെപോലെ അസംഘടിതരും ഇത് ഒരുപോലെ ഉപയോഗിച്ചുവരുന്നത് ജനസംഖ്യ കൂടുതലുള്ള രാജ്യത്ത് ശ്രദ്ധേയമായ നേട്ടമാണ്. തൊഴിലാളികളെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും തൊഴിലാളി സംരക്ഷണത്തിന് നിരവധി നിയമനിര്‍മാണം നടത്തുകയും ചെയ്ത കേന്ദ്രസര്‍ക്കാറിന് ഈ രംഗത്ത് വരുത്തേണ്ട ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ബിഎംഎസ് കേന്ദ്ര നേതൃത്വം നല്‍കിയതായും അദ്ദേഹം പറഞ്ഞു. തൊഴിലാളി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം ദേശീയ കാഴ്‌ച്ചപ്പാടും വളര്‍ത്തിയെടുക്കേണ്ടതാണ്. രാജ്യത്തെ കലാപത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായും അതിന്റെ ഭാഗമായാണ് ദല്‍ഹിയില്‍ നടന്ന സമരകോലാഹലങ്ങളെന്നും മുരളീധരന്‍ പറഞ്ഞു. സമരത്തിന്റെ മറവില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുകയും നൂറുകണക്കിന് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 120ഓളം പോലീസുകാര്‍ക്കും ഗുരുതര പരുക്കേറ്റു ഇത്തരം ശക്തികളെ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിപിഇഎഫ് കേരള സര്‍ക്കിള്‍ ചെയര്‍മാന്‍ സി. രമേശ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി. സ്മിതേഷ് മുഖ്യാതിഥിയായി. തപാല്‍ വകുപ്പിന്റെയും ബിപിഇഎഫിന്റെയും വളര്‍ച്ച പരസ്പര പൂരകങ്ങളാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബിപിഇഎഫ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഹര്‍ഷ് അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ. സുധീര്‍, ബിഎംഎസ് ജില്ല സെക്രട്ടറി കെ. രാജേഷ്, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി കേനാത്ത്, മറ്റ് സംഘടനാ നേതാക്കളായ പി.കെ. ബൈജു, കെ. വിനോദ്കുമാര്‍, ബിപിഇഎ പോസ്റ്റ്മാന്‍ ആന്‍ഡ് എംടിഎസ് സര്‍ക്കിള്‍ സെക്രട്ടറി കെ.സി. ധനേഷ്, ബിജിഡികെഎസ് സര്‍ക്കിള്‍ സെക്രട്ടറി യു. അജയകുമാര്‍ സംസാരിച്ചു. തുടര്‍ന്ന് സംഘടനാ ചര്‍ച്ച, ട്രേഡ് യൂണിയന്‍ സെമിനാര്‍, കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു.














Discussion about this post