കോഴിക്കോട്: രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ദേശീയ ഐക്യം അനിവാര്യമാണെന്ന് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്. കേസരി വാരികയുടെ പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി നിഷേധങ്ങള്‍ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് വിഘാതം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. നീതി നടപ്പിലാവുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. മനസ്സുകളുടെ ഐക്യം ദേശീയ പുരോഗതിക്ക് അനിവാര്യമാണ്. മതപരവും ജാതീയതവുമായ വേര്‍തിരിവുകള്‍ ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണ്. അഴിമതിയും നീതിനിഷേധവും സാമൂഹിക മുന്നേറ്റത്തെ പിന്നോട്ടടിക്കുന്നു. അഴിമതിക്കാരെ രക്ഷിക്കുകയും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നിലവിലുള്ളത്. അഴിമതിക്കെതിരെ പ്രസംഗിക്കാന്‍ പോലും സാധിക്കില്ലെന്നത് തന്റെ ജീവിതാനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കും പത്രപ്രവര്‍ത്തകനായി മാറാന്‍ കഴിയുന്ന കാലത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ എന്ത് നിലപാടെടുത്താലും അതിനെ മറികടക്കാന്‍ സമൂഹത്തിന് കഴിയും. വ്യക്തികളുടെ സാമൂഹിക സാംസ്കാരിക വികാസം നിര്‍വഹിക്കുന്ന മാധ്യമമായ കേസരി എഴുപത്തഞ്ചാം വര്‍ഷത്തിലെത്തുമ്പോള്‍ അഴിമതിവിരുദ്ധതയും മനസ്സുകളുടെ ഐക്യവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുഖ്യധാരാ മാധ്യമങ്ങളുടെ രാഷ്ട്രവിരുദ്ധ സമീപനങ്ങള്‍’ എന്ന വിഷയത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരളം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പ്രഭാഷണം നടത്തി.

പ്രാചീനകാലം മുതല്‍ ദേശീയബോധം തുടിച്ചുനിന്ന ഒരു പ്രദേശമായിരുന്നു കേരളം. മലയാളത്തിലെ കവികളും ചിന്തകരും സാംസ്കാരികമായ ഈ വിളക്കിച്ചേര്‍ക്കല്‍ ഫലപ്രദമായി നിര്‍വഹിച്ചവരാണ്. എന്നാല്‍, ഇന്ന് കേരളത്തെ ഭാരതത്തിന്റെ ദേശീയ മുഖ്യധാരയില്‍ നിന്ന് അറുത്തുമാറ്റാനുള്ള ശ്രമം നടക്കുകയാണ്. അതിന് വഴിമരുന്നിടുന്ന പ്രവര്‍ത്തനമാണ് ഇന്ന് മാധ്യമങ്ങള്‍ നടത്തുന്നത്. സ്വാതന്ത്ര്യസമര കാലത്ത് ജനങ്ങളില്‍ രാഷ്ട്രാഭിമാനം വളര്‍ത്താന്‍ ശ്രമിച്ച പാരമ്പര്യം വിസ്മരിച്ച് മാധ്യമങ്ങള്‍ വിപരീതസഞ്ചാരം നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡോ. ജേക്കബ് തോമസ് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മുന്‍ ചെയര്മാന് മോഹന്‍ മേനോന് വരിസംഖ്യാ രസീത് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കേസരി ഭവനിലെ പരമേശ്വരം ഹാളില്‍ നടന്ന പരിപാടിയില്‍ ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.സി. ഷാജകുമാര്‍ അദ്ധ്യക്ഷനായി. ട്രസ്റ്റ് അംഗങ്ങളായ സി.എം.രാമചന്ദ്രന് മാസ്റ്റര്‍ സ്വാഗതവും കെ.സര്‍ജിത്ത്ലാല്‍ നന്ദിയും പറഞ്ഞു. പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പരിപാടിയില്‍ സന്നിഹിതനായി. കുമാരി ഗായത്രി രാജേന്ദ്രന് വന്ദേമാതരം ആലപിച്ചു.















