കോഴിക്കോട്: മുസ്ലിം ഭീകര സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ഉറ്റവരുടെ ഓര്‍മ്മയില്‍ മാറാട് ബലിദാന അനുസ്മരണ സമ്മേളനങ്ങള്‍. മാറാട് കടലോര ഗ്രാമത്തില്‍ മെയ് രണ്ടിന് കാലത്ത് 7.30ന് നടന്ന ശ്രദ്ധാഞ്ജലി സമ്മേളനം വികാരനിര്‍ഭരമായിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് ഹിന്ദുഐക്യവേദി അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയാണ് മാറാട് കടപ്പുറത്ത് നടന്ന ശ്രദ്ധാഞ്ജലി സമ്മേളനം ഉദ്ഘാടനം ചെയ്തത്. 1921ലെ വംശഹത്യക്ക് ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് അതെന്ന് അദ്ദേഹം പറഞ്ഞു. കേരളം പാക് ഭീകരരുടെ നഴ്‌സറി ആയി മാറി. എന്നാല്‍, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ഭീകരര്‍ ഇപ്പോഴും ശ്രമിക്കുന്നത്.
മതേതര മേലങ്കി അണിഞ്ഞ ചിലര്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുകയാണ്. ആക്രമണത്തിന് ശേഷം ഇരവാദം പറയുന്ന പോപ്പുലര്‍ ഫ്രണ്ടിനെ ഇടതുപക്ഷം പിന്തുണയ്ക്കുകയാണ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് സിപിഎം എന്നും ശ്രമിച്ചിട്ടുള്ളതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. മാറാട് അരയ സമാജം പ്രസിഡന്റ് ടി. പ്രകാശ് അധ്യക്ഷനായി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ. ഗോപി, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ പി.പി. ഉദയഘോഷ് എന്നിവര്‍ പങ്കെടുത്തു.
വൈകിട്ട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തിയാലേ മാറാട് പ്രക്ഷോഭം അവസാനിക്കൂവെന്ന് ടീച്ചര്‍ പറഞ്ഞു. കൂട്ടക്കൊല ആസൂത്രണം ചെയ്തവര്‍ സൈ്വരവിഹാരം നടത്തുകയാണ്. മാറാട് കൂട്ടക്കൊലയ്ക്ക് സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്തജാഗ്രതയാണ് ആവശ്യമെന്ന് ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ പ്രച്ഛന്ന ഇസ്ലാമിസ്റ്റ് മതമൗലികവാദികളായെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പറഞ്ഞു. സിപിഎം- മുസ്ലിം ലീഗ് അന്തര്‍ധാര എന്നും സജീവമാണ്. കേരളത്തിലെ ഭീകരത ഒറ്റപ്പെട്ടതല്ല. സിറിയയിലും യമനിലും അഫ്ഗാനിസ്ഥാനിലും നടമാടുന്ന ഭീകരതയുടെ ഭാഗമാണ് അത്. കേരളത്തില്‍ ഭീകരതയുടെ മൊത്തക്കച്ചവടം ഭരണകൂടം ഏറ്റെടുത്തിരിക്കുന്നു എന്നതാണ് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ബി.എന്‍. ബിനീഷ്ബാബു അദ്ധ്യക്ഷനായി. പി. പീതാംബരന്‍, പി. ജിജേഷ്, ടി. പ്രകാശന്‍, ശശികമ്മട്ടേരി, സുരേഷ് ആയഞ്ചേരി, വി.കെ. ഷൈജു, ഇ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post