നാഗ്പൂര്‍: മദന്‍ദാസ് ദേവിയുടെ വേര്‍പാടിലൂടെ നഷ്ടമായത് മുതിര്‍ന്ന സഹപ്രവര്‍ത്തകനെയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. കുറേ വര്‍ഷങ്ങളായി, ശാരീരികഅസ്വസ്ഥതകളോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലേക്ക് സംഘ പദ്ധതി പ്രകാരം നിയോഗിച്ച ആദ്യ പ്രചാരകനാണ് അദ്ദേഹം. വര്‍ഷങ്ങളോളം അദ്ദേഹം പരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായി. സ്വര്‍ഗീയ യശ്വന്ത് റാവു കേല്‍ക്കറുടെ മാര്‍ഗനിര്‍ദേശത്തില്‍ സംഘടനാ കുശലതയില്‍ അദ്ദേഹം സമര്‍ത്ഥനായി. തൊണ്ണൂറുകളില്‍ സംഘത്തിന്റെ ചുമതലയിലേക്ക് വന്ന അദ്ദേഹം വെല്ലുവിളി നിറഞ്ഞ ആ കാലഘട്ടത്തെ സമര്‍ത്ഥമായി നേരിടുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്കി. അക്കാലത്ത് ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.
സൂക്ഷ്മമായ നിരീക്ഷണ ശക്തി, പ്രചാരക സമ്പ്രദായത്തിന്റെ കര്‍ക്കശമായ അച്ചടക്കം, എല്ലാവരുമായും ഇടകലരുന്ന സ്വഭാവം, കരുതലോടെയുള്ള പെരുമാറ്റം എന്നിവയിലൂടെ അദ്ദേഹം കാര്യകര്‍ത്താക്കള്‍ക്ക് മാതൃകയായി. ആരോഗ്യത്തോടെ തുടര്‍ന്നും ഞങ്ങളെ നയിക്കാന്‍ അദ്ദേഹം മുന്നിലുണ്ടാകണമെന്നായിരുന്നു ആഗ്രഹം, പക്ഷേ വിശ്രമമില്ലാത്ത യാത്രയും പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. കര്‍ത്തവ്യത്തിന്റെ പാതയില്‍ തുടര്‍ച്ചയായി മുന്നേറുന്നതിന്റെ നേര്‍മാതൃകയായിരുന്നു മദന്‍ദാസ്ജിയുടെ ജീവിതമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post