ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന പുരസ്‌കാര ജേതാവുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ 1888 സെപ്റ്റംബർ 5ന് ആന്ധ്രാപ്രദേശിലെ തിരുട്ടണിയിലെ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു.
മിടുക്കനായ വിദ്യാർത്ഥിയായിരുന്നു, സ്‌കോളർഷിപ്പിലൂടെയാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.
1917-ൽ ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ’ എന്ന പുസ്തകം രചിക്കുകയും ഇന്ത്യൻ തത്ത്വചിന്തയെ ലോക ഭൂപടത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു, തുടർന്ന് മദൻ മോഹൻ മാളവ്യയുടെ പിൻഗാമിയായി 1939 ൽ ബനാറസ് ഹിന്ദു സർവകലാശാലയുടെ (BHU) വൈസ് ചാൻസലറായി.
1931-ൽ നൈറ്റ് പട്ടം ലഭിച്ച അദ്ദേഹം
ഭാരതം സ്വതന്ത്രയായതിനു ശേഷം സർ പദവി തിരിച്ചേൽപ്പിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1954-ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ‘ലഭിച്ചു. 1963-ൽ ‘ബ്രിട്ടീഷ് റോയൽ ഓർഡർ ഓഫ് മെറിറ്റിന്റെ’ ഓണററി അംഗമായി.
1962-ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി ഡോ. രാധാകൃഷ്ണൻ ചുമതലയേറ്റപ്പോൾ, സെപ്തംബർ 5 ഒരു പ്രത്യേക ദിനമായി ആഘോഷിക്കാൻ അനുവാദം തേടി അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ അദ്ദേഹത്തെ സമീപിച്ചതാണ് അധ്യാപക ദിനത്തിന് പിന്നിലെ കഥ. പകരം അധ്യാപകർ സമൂഹത്തിന് നൽകുന്ന സംഭാവനകൾ തിരിച്ചറിയുന്നതിനായി സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കണമെന്ന് ഡോ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.
Discussion about this post