ആര്‍.സഞ്ജയന്‍
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍
ആകാശവാണി എന്നത് വളരെ ഹൃദ്യമായ ഒരു പദമാണ്. മഹാകവി രവീന്ദ്രനാഥ ടഗോര്‍ ആണ് അതിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവ്. ‘ബഹുജന ഹിതായ ബഹുജന സുഖായ’ എന്നതാണ് ആകാശവാണിയുടെ മുദ്രാവാക്യം. ഈ ആദര്‍ശം അതായത് സാമാന്യജനങ്ങളുടെ ക്ഷേമവും അവരുടെ സുഖവും എന്ന ആശയം തന്നെയാണ് രാഷ്‌ട്ര നിര്‍മാണം എന്ന ആശയത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആദര്‍ശവാക്യത്തെ സ്വീകരിച്ചവര്‍ വളരെ കൃത്യമായി ആകാശവാണിയുടെ ദൗത്യം എന്താണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഈ ആദര്‍ശ വാക്യത്തെ നമുക്ക് പിന്തുടരാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ആകാശവാണിയുടെ ദൗത്യത്തെ കുറിച്ച് കൃത്യതയുണ്ടാകും.
രാഷ്‌ട്രത്തെ പുനര്‍നിര്‍മിക്കുക എന്ന മഹത്തായ ദൗത്യത്തെ പൂര്‍ത്തീകരിക്കുന്ന പല സംവിധാനങ്ങളില്‍ ഒന്നാണ് ആകാശവാണി. വ്യക്തിയുടെ സമഗ്രമായ വികാസമാണ് രാഷ്‌ട്ര നിര്‍മാണത്തിലെ ഒരു ഘടകം. രാജ്യത്തെ ഓരോ വ്യക്തിക്കും സമഗ്രമായ വികാസം സിദ്ധിക്കാനുള്ള അവസരമുണ്ടാകണം. അവരെ ആ നിലയ്‌ക്ക് സജ്ജമാക്കണം. നമ്മുടെ സമാജവും സമഗ്ര വികാസം ആര്‍ജ്ജിക്കണം. അതാണ് രാഷ്‌ട്രനിര്‍മാണം. ഈ കാര്യങ്ങള്‍ക്കായി ആകാശവാണി വളരെ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു എന്ന് ഈ സംവിധാനത്തെ നിരീക്ഷിച്ചിട്ടുള്ള ആര്‍ക്കും ബോധ്യപ്പെടും. ചരിത്ര പശ്ചാത്തലം പരിശോധിച്ചാല്‍ ഇരുപതാം നൂറ്റാണ്ട് റേഡിയോയുടേതായിരുന്നു. അച്ചടി മാധ്യമങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ മുതല്‍ തന്നേ ഭാരതത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പക്ഷേ, ബഹുജന മാധ്യമം എന്ന നിലയ്‌ക്ക് റേഡിയോ ജനമധ്യത്തിലേക്ക് എത്തുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആദ്യം സ്വകാര്യ മേഖലകളിലും പിന്നീട് നാട്ടുരാജ്യങ്ങളിലും അതിനിടയ്‌ക്ക് സര്‍ക്കാരിന്റെ നേതൃത്വത്തിലുമൊക്കെ റേഡിയോ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിരുന്നു. തിരുവിതാംകൂറില്‍ 1940 കളില്‍ തന്നെ റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായിട്ടാണ് പിന്നീട് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആകാശവാണിയായിട്ട് തിരുവനന്തപുരം നിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആ പ്രക്ഷേപണ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഇന്ന് 75-ാം വര്‍ഷം ആഘോഷിക്കുന്നത്.
പോയ നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതില്‍, പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തരം രാഷ്‌ട്ര മനസ്സിനെ രൂപപ്പെടുത്തുന്നതില്‍, ജനങ്ങളുടെ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതില്‍, കലാപരവും സാഹിത്യപരവുമായ അവബോധത്തെ വികസിപ്പിക്കുന്നതില്‍, അവരുടെ ലോകവീക്ഷണത്തെ തന്നെ പുനര്‍നിര്‍മിക്കുന്നതില്‍ ആകാശവാണി നിര്‍ണായക പങ്ക് വഹിച്ചു. പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍, പ്രത്യേകിച്ച് സ്വതന്ത്ര ഭാരതത്തില്‍ ജനിക്കാന്‍ ഭാഗ്യം ലഭിച്ച ജനതയ്‌ക്ക് യഥാര്‍ത്ഥത്തില്‍ ആകാശവാണി ഒരു പാഠശാല തന്നെയായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ പ്രമുഖരുടേയും പേരുകള്‍ നമുക്ക് ഹൃദിസ്ഥമാണ്. കാരണം ആകാശവാണി അവതരിപ്പിക്കുന്ന പരിപാടികളോടുള്ള നമ്മുടെ ആഭിമുഖ്യം കാരണമാണ് ആ പേരുകളെല്ലാം ഹൃദിസ്ഥമായത്.
നമ്മുടെ രാജ്യം വളരെ വിശാലവും വൈവിധ്യമുള്ളതുമാണ്. 1947 ല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നമ്മുടെ നാട് വിഭജിക്കപ്പെട്ടിരുന്നു. വിഭജനമുണ്ടായത് മതപരമായ ഭിന്നതയുടെ അടിസ്ഥാനത്തിലാണ്, വര്‍ഗീയമായിട്ടാണ്. വിഭജനം രാഷ്‌ട്രത്തിന് വലിയ ആഘാതങ്ങളുണ്ടാക്കി. ദശലക്ഷത്തിലധികം ആളുകള്‍ അവരുടെ പരമ്പരാഗതമായ ജന്മനാടുകളില്‍ നിന്ന് പിഴുതെറിയപ്പെട്ടു. ആയിരങ്ങള്‍ കൊലചെയ്യപ്പെട്ടു. ഏതാണ്ട് 190 വര്‍ഷത്തെ വൈദേശിക ആധിപത്യം കൊണ്ട് 1947 ല്‍ സാതന്ത്ര്യം കിട്ടുമ്പോള്‍ ഭാരതം ദരിദ്ര രാഷ്‌ട്രങ്ങളുടെ പട്ടികയിലായിരുന്നു. ജനസംഖ്യയില്‍ വലിയൊരു വിഭാഗം നിരക്ഷരരായിരുന്നു. നമ്മുടെ നാടിനെ വികസിപ്പിക്കുക എന്നതായിരുന്നു പ്രധാന പ്രശ്‌നം. നാം ഇന്ന് സ്വാതന്ത്ര്യത്തിന്റെ 78 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള ഒരു സ്വതന്ത്ര്യപരമാധികാര രാജ്യമെന്ന നിലയ്‌ക്ക് നമ്മള്‍ 75 വര്‍ഷവും പൂര്‍ത്തിയാക്കി. വളരെ അസ്വസ്ഥത നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ഭരണഘടനാ നിര്‍മാണ സഭ ചേര്‍ന്ന് എക്കാലത്തും മുന്നോട്ടുപോകാനുള്ള അടിത്തറയായ അത്യന്തം ശ്രേഷ്ഠമായ ഒരു ഭരണഘടന നമുക്ക് നല്‍കിയത്.
സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇവിടെ രണ്ട് തരം ഭരണമാണ് നിലനിന്നത്. ബ്രിട്ടീഷ് ഇന്ത്യയും നാട്ടുരാജ്യങ്ങളും. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണമാണ് അന്ന് നമ്മുടെ നേതാക്കന്മാര്‍ക്ക് കൈമാറി കിട്ടിയത്. ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അധികാര കൈമാറ്റവും നടന്നു. ആ സമയത്ത് 560 ഓളം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ഈ നാട്ടുരാജ്യങ്ങളെയൊക്കെ സംയോജിപ്പിക്കുകയായിരുന്നു പ്രധാന ദൗത്യം. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ അത് വിജയകരമായി പൂര്‍ത്തീകരിച്ചു. നാട്ടുരാജ്യങ്ങളുടെ സംയോജനം, ഭരണഘടനാ നിര്‍മാണം, വിഭജനവുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ മറികടക്കുക, ദാരിദ്രത്തില്‍ അകപ്പെട്ട കോടാനുകോടി ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു പ്രധാന കര്‍ത്തവ്യം. ഭാഷാപരവും ആചാരപരവുമായ വൈവിധ്യങ്ങള്‍ ഏറെയുള്ളൊരു മഹാരാജ്യത്തെ രാഷ്‌ട്രീയമായി ഏകീകരിച്ചു എങ്കിലും അതിനെ വൈചാരികമായും വൈകാരികമായും ഒന്നിപ്പിച്ചു നിര്‍ത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഈ ജനതയിലേക്കൊക്കെ എങ്ങനെ എത്തിപ്പെടും, ഇവരെയൊക്കെ ഒരു ആദര്‍ശത്തിന്റെ പരിധിയിലേക്ക് എങ്ങനെ ഇണക്കി ചേര്‍ക്കും എന്നതിനുത്തരമായിരുന്നു ആകാശവാണി. ഈ ദൗത്യം നിര്‍വഹിക്കുന്നതിലും ഐക്യം സാധ്യമാക്കുന്നതിലും ആകാശവാണി അതിന്റേതായ കര്‍ത്തവ്യം നിര്‍വഹിച്ചിട്ടുണ്ട്. നിരക്ഷരരായിട്ടുള്ള ജനതയ്‌ക്ക് നമ്മുടെ രാഷ്‌ട്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ ആകാശവാണിക്ക് സാധിച്ചു.
രാഷ്‌ട്രത്തിന്റെ വികസന നയത്തില്‍, വികസന പരിപാടികളില്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കപ്പെടുന്ന പദ്ധതികളില്‍ ജനങ്ങളെ പങ്കാളികളാക്കുവാനുള്ള പരിശ്രമം ആകാശവാണി നടത്തിയിട്ടുണ്ട്. 50 കളില്‍ നമ്മുടെ നാട്ടില്‍ എന്‍ഇഎസ് ബ്ലോക്കുകള്‍ വന്നു. അവരാണ് ആധുനിക കൃഷിരീതികള്‍, ആധുനിക വിളകളെക്കുറിച്ചൊക്കെ പഠിപ്പിച്ചത്. ആ കര്‍ത്തവ്യം ആകാശവാണി നിര്‍വഹിച്ചിട്ടുണ്ട്. വിശാലമായ ഈ രാജ്യത്തെ കൂട്ടിയിണക്കി നിര്‍ത്തുന്നത് നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരമാണ്. അതിനൊരു ഏകമായ സ്വരമുണ്ട്. ഒരാത്മാവുണ്ട്. ആ ഏകത്വത്തിലാണ് ഈ വൈവിധ്യമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്. ലോകത്തില്‍ കലാപരമായി, സാഹിത്യപരമായി ഏറ്റവും സമ്പന്നമായ രാഷ്‌ട്രം ഭാരതമാണ്. വൈദേശികാധിപത്യം ഉള്ളകാലത്തുപോലും നമ്മുടെ കലാകാരന്മാര്‍ കലകളെ, സാഹിത്യത്തെ, സംസ്‌കാരത്തെ സംരക്ഷിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് രാജ്യത്തിന്റെ ഏകതയുടെ അടിസ്ഥാനം. കലകളേയും സാഹിത്യത്തേയും സംസ്‌കാരത്തേയും പരിപോഷിപ്പിക്കുക എന്ന ധര്‍മ്മവും ആകാശവാണി ചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ കലകളേയും കലാകാരന്മാരേയും പിന്തുണയ്‌ക്കുന്നതിലും ആകാശവാണി ഏറെ സംഭാവന ചെയ്തിട്ടുണ്ട്. അതുവഴി നമ്മുടെ സംസ്‌കാരവും പരിരക്ഷിക്കപ്പെട്ടു.
ശാസ്ത്രാവബോധമുള്ള ഒരു ജനത രാഷ്‌ട്രത്തിനാവശ്യമാണ്. ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ അറിവുകളും സാങ്കേതിക വിദ്യകളും മാറിക്കൊണ്ടിരിക്കുന്നു. ഒപ്പം നമ്മുടെ കഴിവുകളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രവും ശാസ്ത്രസാങ്കേതിക വിദ്യയുമൊക്കെ നമ്മുടെ കര്‍മശേഷിയെ കൂടുതല്‍ ഫലവത്തായി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളാണ്. നിര്‍മിത ബുദ്ധി നമ്മെ കീഴടക്കുമോ എന്ന് നാം ആശങ്കപ്പെടുന്നു. അതിനുത്തരം മനുഷ്യന്റെ സര്‍ഗാത്മകതയെ വികസിപ്പിക്കുക എന്നതാണ്. മനുഷ്യന്‍ അനന്തമായ ശക്തിയുടെ, സര്‍ഗശേഷിയുടെ, അറിവിന്റെ ഉറവിടമാണ്. ആവശ്യങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മനുഷ്യന്റെ പ്രതിഭ, ആധ്യാത്മികമായ ശേഷി, അവബോധം ഇതെല്ലാം വികസിക്കും. അതനുസരിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളികളെ മനുഷ്യരാശി അഭിമുഖീകരിക്കുകയും അതിവര്‍ത്തിക്കുകയും ചെയ്യും. ശാസ്ത്രരംഗത്ത് വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഐഐടികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പാശ്ചാത്യ നാടുകളിലെ എല്ലാ സ്ഥാപനങ്ങളിലും മേധാവികളായി പ്രവര്‍ത്തിക്കുന്നത്. ശാസ്ത്ര രംഗത്ത് അത്രമാത്രം മുന്നോട്ടുപോകാന്‍ ഭാരതത്തിന് സാധിച്ചു. ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം, അഭിമാനം വളര്‍ത്തുവാനും ശാസ്ത്രരംഗത്തേക്ക് നമ്മുടെ തലമുറകളെ ആകര്‍ഷിക്കുവാനും സാധിച്ചു എന്നതാണ് ആകാശവാണി നിര്‍വഹിച്ച മറ്റൊരു സുപ്രധാന ധര്‍മ്മം.
(ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാവേലിക്കര രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ സഹകരണത്തോടെ ഫെബ്രുവരി 7 ന് മാവേലിക്കര ജോര്‍ജിയന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രക്ഷേപണത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
Discussion about this post