ശ്രീനഗര്‍: ഷോപിയാനില്‍ കഴിഞ്ഞ ദിവസം ഗ്രനേഡെറിഞ്ഞ് രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ വധിച്ച ഭീകരന് ഇമ്രാന് ബഷീര്‍ ഗനി കൊല്ലപ്പെട്ടു. സൈന്യം അറസ്റ്റ് ചെയ്ത ഇയാള്‍ പിന്നീട് നടന്ന ഏറ്റുമുട്ടലിനിടയില്‍ ഭീകരരുടെ തന്നെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഷോപിയാനിലെ നൗഗം മേഖലയില്‍ നടന്ന ഭീകരവിരുദ്ധ സൈനിക നടപടികളിലാണ് അറസ്റ്റും വെടിവയ്പുമുണ്ടായത്. കശ്മീരി പണ്ഡിറ്റ് പുരണ്‍ ഭട്ടിനെ ഭീകരര്‍ വധിച്ച അതേ മേഖലയിലാണ് ഇന്നലെ പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്.
കശ്മീരുകാരായ ഭീകരര്‍ ആണ് ഇപ്പോള്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ നടത്തുന്നതെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ഹൈബ്രിഡ് ടെററിസ്റ്റ് എന്ന പദമുപയോഗിച്ചാണ് ഇവരെ വിശേഷിപ്പിക്കുന്നത്. നേരത്തെ അറസ്റ്റിലായ ഹൈബ്രിഡ് തീവ്രവാദിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നൗഗാം മേഖലയില്‍ പോലീസും സുരക്ഷാ സേനയും തുടര്‍ച്ചയായ റെയ്കള് നടത്തിയത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post