നാഗ്പൂര്‍: പ്രശസ്തിയാണ് എല്ലാമെല്ലാം എന്ന കാഴ്ചപ്പാട് നല്ലതല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിജയവും ശക്തിയും ഒരാള്‍ക്ക് പ്രശസ്തി നേടിത്തരും. എന്നാല്‍ അതോടൊപ്പം അയാളുടെ വ്യക്തിത്വം അര്‍ത്ഥപൂര്‍ണമായില്ലെങ്കില്‍ പ്രയോജനമില്ല. സാര്‍ത്ഥക ജീവിതം നയിക്കുന്നവരുടെ പ്രശസ്തി സര്‍വരുടെയും ക്ഷേമത്തിന് ഉപകരിക്കണം. നമ്മുടെ നേട്ടത്തില്‍ വിനയവും സമൂഹത്തോട് കൃതജ്ഞതാഭാവവും വേണം, അദ്ദേഹം പറഞ്ഞു. സോളാര്‍ ഇന്‍ഡസ്ട്രി ചെയര്‍മാന്‍ പദ്മശ്രീ സത്യനാരായണ നുവാളിന് നാഗഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. അയണ്‍ മാന്‍ ഓസ്ട്രേലിയ മത്സരത്തിലെ വിജയി ദക്ഷ് ഖാനെയും പരിപാടിയില്‍ ആദരിച്ചു.
ലോകത്ത് ശക്തിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ശക്തിയില്ലാതെ ഒന്നും നേടാനാവില്ല. എന്നാല്‍, അത് ഫലപ്രദമാകണമെങ്കില്‍, ശക്തരായ ആളുകള്‍ പ്രശസ്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. പ്രശസ്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നത് ശരിയാണ്. എന്നാല്‍ വിനയമില്ലാത്ത ശക്തി ഫലം ചെയ്യില്ല. വിജയം നേടുന്നതിന് കരുത്തിനൊപ്പം വിനയവും കൃതജ്ഞതയും ആവശ്യമാണ്. കഴിഞ്ഞ 200 വര്‍ഷത്തിനിടയില്‍ നമ്മുടെ രാജ്യം കണ്ട എല്ലാ മഹാന്മാരുടെയും ജീവിതം 90 ശതമാനം കഠിനാധ്വാനവും 10 ശതമാനം പ്രചോദനവും ചേര്‍ന്നതാണ്. ഞാനും എന്റെ കുടുംബവുമെന്നതിനപ്പുറം നമ്മുടെ ബന്ധുവലയം വികസിക്കുമ്പോഴാണ് നമുക്ക് ലഭിക്കുന്ന യശസ് കൂടുതല്‍ അര്‍ത്ഥപൂര്‍ണമാവുന്നത്, മോഹന്‍ ഭാഗവത് പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വലിയ കാര്യങ്ങള്‍ കൈവരിക്കാനാകുമെന്ന് തെളിയിച്ചതാണ് സത്യനാരായണ നുവാളിന്റെ മഹത്വമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പ്രതിരോധ ഉപകരണ നിര്‍മ്മാണരംഗത്ത് സ്വകാര്യ മേഖല വിജയിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ലാത്ത സമയത്താണ് നുവാള്‍ കടന്നുവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷ് ഖാന്‍ നേടിയ വിജയം ഇന്നത്തെയും നാളത്തെയും തലമുറയ്ക്ക് പ്രേരണയാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകസമാധാനം നിലനിര്‍ത്തുന്നതിന് ഭാരതത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ധനകാര്യ സഹമന്ത്രി ആശിഷ് ജയ്സ്വാള്‍, മുന്‍ എംപിയും നാഗ്ഭൂഷണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്റുമായ അജയ് സഞ്ചേതി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

















Discussion about this post