കാണ്‍പൂര്‍: സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദര്‍ശനമാണ് അത് മുന്നോട്ടുവയ്ക്കുന്നത്. യുദ്ധത്തിലൂടെ ലോകക്ഷേമം സാധ്യമാകില്ലെന്നത് സമകാലിക ലോകത്തിന്റെ അനുഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കട്ടി. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ഝാന്‍സി പണ്ഡിറ്റ് ദീനദയാല്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യുവസംവാദത്തില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍.
വസുധൈവ കുടുംബകം, സര്‍വേ ഭവന്തു സുഖിനഃ തുടങ്ങിയ ആശയങ്ങളിലൂടെ ഭാരതീയ തത്ത്വചിന്ത മുന്നോട്ടുവയ്ക്കുന്നത് മുഴുവന്‍ പ്രപഞ്ചത്തിന്റെയും ക്ഷേമമാണ്. അതില്‍ ലവലേശം സ്വാര്‍ത്ഥമില്ല. ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കുന്നതിന് മാനുഷികവും സാര്‍വത്രികവുമായ ഈ ആശയങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കി, രാഷ്ട്രനിര്‍മ്മാണത്തില്‍ സജീവമായി പങ്കെടുക്കാന്‍ യുവസമൂഹം സ്വയം തയാറാകണം. ജോലിയിലും സ്വന്തം ഉയര്‍ച്ചയിലും മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ ആശങ്കകളെയും പൗരന്റെ ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഓരോരുത്തരും ബോധവാന്മാരായിരിക്കണമെന്ന് നന്ദകുമാര്‍ പറഞ്ഞു.
വിഭാഗ് സംഘചാലക് ശിവകുമാര്‍ ഭാര്‍ഗവ, മഹാനഗര്‍ സംഘചാലക് സതീഷ് ശരണ്‍ എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു.



















