ഭോപാല്‍(മധ്യപ്രദേശ്): ചോദ്യവും ഉത്തരവും സംഭാഷണവും സംവാദവുമൊക്കെ ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷതയാണെന്ന് ആര്‍എസ്എസ് സര്കാര്യവാബ് ദത്താത്രേയ ഹൊസബാളെ. ഉപനിഷത്തുക്കളും ഭഗവദ്ഗീതയും മുന്നോട്ടുവയ്ക്കുന്നത് ഈ പാരമ്പര്യമാണ്. നരേന്ദ്രന് വിവേകാനന്ദനായത് ചോദ്യം ചോദിച്ചും മനസിലാക്കിയുമാണ്. നചികേത ബാലന് ഭാരതത്തിന്റെ ആദര്ശമായതും അങ്ങനെയാണ്, അദ്ദേഹം പറഞ്ഞു. സമാജ് സേവാ ട്രസ്റ്റ് സംഘടിപ്പിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ് ഡയലോഗില്‍ പങ്കെടുക്കുകയായിരുന്നു സര്‍കാര്യവാഹ്.

യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും സംഭാഷണത്തിലൂടെ ഉത്തരം നല്‍കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ബാഹ്യരൂപമോ ചിന്തകളോ അടിസ്ഥാനമാക്കി ഒരു യുവാവിനെ വിലയിരുത്തുന്നതിനുപകരം, ആന്തരിക കാരുണ്യവും പോസിറ്റീവ് എനര്‍ജിയും തിരിച്ചറിയുകയാണ് വേണ്ടത്.
സോഷ്യല്‍ മീഡിയയുടെയും ഐഡിയോളജിക്കല്‍ എക്കോ ചേമ്പറുകളുടെയും കാലഘട്ടത്തില്‍ യുവാക്കളുടെ തലത്തില്‍ത്തന്നെ സംവദിക്കേണ്ടതുണ്ട്. ജന്‍ സി, ജന്‍ ആല്‍ഫ തുടങ്ങിയ പേരുകളിലാണ് പുതിയ തലമുറയെ പലരും വിശേഷിപ്പിക്കുന്നത്. സ്വാമി വിവേകാനന്ദന് യംഗ് ഇന്ത്യ എന്നാണ് വിളിച്ചിരുന്നത്. അവരെ നിരസിക്കുകയല്ല, അവരുടെ വീക്ഷണങ്ങള്‍ അറിയുകയാണ് വേണ്ടത്. അധികാരത്തെയോ സ്ഥാപനത്തെയോ സമൂഹത്തെയോ ചോദ്യം ചെയ്യുന്നത് ഒരു കുറ്റമായി കാണാന്‍ പാടില്ല, സര്‍കാര്യവാഹ് പറഞ്ഞു.

രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും മനസുകളില്‍ നിന്ന് അധിനിവേശത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഭാരതീയ മൂല്യങ്ങള്‍, ദര്‍ശനം, പദാവലികള്‍ എന്നിവയിലെല്ലാം കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. ചരിത്രം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയിലെല്ലാമുള്ള സമഗ്ര പഠനത്തിലൂടെയേ ഭാരതീയ വീക്ഷണം എല്ലാ തലമുറയിലേക്കും എത്തിക്കാനാവൂ. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഠന സര്‍ക്കിളുകള്‍, ചര്‍ച്ചകള്‍, ദേശഹിതം പ്രോത്സാഹിപ്പിക്കുന്ന സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. ബെംഗളൂരുവില്‍ നടന്നുവരുന്ന ‘നമോ ഭാരതി’ അത്തരമൊരു മുന്നേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും അതിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ അവസാന വ്യക്തിയിലേക്ക് വരെ എത്തുകയും വേണം. മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണം ഏത് സാങ്കേതിക വിദ്യയും. ആശയപരമായ ചര്‍ച്ചകളില്‍ വാദങ്ങള്‍ സത്യത്തിലും ഗവേഷണത്തിലും അധിഷ്ഠിതമായിരിക്കണം, സ്വന്തം കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ വ്യക്തത നിലനിര്‍ത്തണം, അതിന് ഫലപ്രദമായ മാധ്യമങ്ങള്‍ ഉപയോഗിക്കണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
പരിപാടിയില്‍ മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെ, ഭോപാല്‍ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാല്‍ക്കര്‍ എന്നിവരും സന്നിഹിതരായിരുന്നു.













