കാണ്‍പൂര്‍(ഉത്തര്‍ പ്രദേശ്): ലോകത്തിന് മാനവികതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പാത കാണിച്ചുകൊടുക്കാന്‍, ഭാരതം അതിന്റെ പുരാതന മൂല്യങ്ങള്‍ പ്രായോഗികമാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. അവകാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതിനുപകരം, കടമകള്‍ക്ക് മുന്‍ഗണന നല്‍കണം, ശക്തരായിരിക്കുമ്പോള്‍ തന്നെ ദുര്‍ബലരെയും ഒപ്പംകൂട്ടണം. സേവനം ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കില്‍, ധര്‍മ്മത്തിന്റെയും ആത്മീയതയുടെയും യഥാര്‍ത്ഥ ലക്ഷ്യം നിറവേറ്റപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്രിജേന്ദ്ര സ്വരൂപ് പാര്‍ക്കില്‍ നടക്കുന്ന ഹിന്ദു ആദ്ധ്യാത്മികസേവാമേളയില് സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നത് പുണ്യമാണെന്നതാണ് ഭാരതം പഠിപ്പിക്കുന്നത്. സത്യം, കാരുണ്യം, വിശുദ്ധി, തപസ്സ് എന്നിവയാണ് ധര്‍മ്മത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. അവ സേവനത്തിലൂടെയാണ് നടപ്പിലാക്കുന്നത്. ഗുജറാത്തിലെ ക്ഷാമകാലത്ത് ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെയെത്തിയ ദരിദ്രയായ ഒരു വൃദ്ധ സ്ത്രീ തന്റെ ചെറിയ ബാഗില്‍ ശര്‍ക്കര കൊണ്ടുണ്ടാക്കിയ നാല് മധുരപലഹാരങ്ങളുമായി എത്തി. സഹായം സ്വീകരിക്കാനല്ല, നല്‍കാനാണ് താന്‍ വന്നതെന്നാണ് ആ അമ്മ പറഞ്ഞത്. ഇതാണ് സേവനത്തിന്റെ ബലം. സമൂഹത്തെ ഈ സേവാസമര്പ്പണഭാവത്തിലേക്ക് ആനയിക്കാനുള്ള പരിശ്രമം ആവശ്യമാണ്, ഹൊസബാളെ പറഞ്ഞു.
പാശ്ചാത്യചിന്തകള്‍ വ്യക്തിഗത അവകാശങ്ങളെയും അതിജീവനത്തിനായുള്ള പോരാട്ടത്തെയും കുറിച്ച് പറയുമ്പോള്‍ ഭാരതം കടമ, സഹകരണം, ഒരുമയുമാണ് പഠിപ്പിക്കുന്നത്. അര്‍ഹര്‍ മാത്രം അതിജീവിച്ചാല്‍ മതി എന്ന് അവര്‍ പറയുമ്പോള്‍ ശക്തര്‍ ദുര്‍ബലരെയും നിസ്സഹായരെയും സംരക്ഷിക്കണമെന്നതാണ് ഭാരതത്തിന്റെ സന്ദേശം. സഹവര്‍ത്തിത്വത്തിന്റെ ഈ മാതൃക ലോകം ജീവിതശൈലിയായി സ്വീകരിക്കണം.

മലിനീകരണം, ജലക്ഷാമം, പച്ചപ്പ് കുറയല്‍, ആഗോളതാപനം എന്നിവ ഭാവി തലമുറകള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയെയും നദികളെയും അമ്മമാരായി കണക്കാക്കുന്ന ഭാരതീയ പാരമ്പര്യം, പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനേക്കാള്‍ സമതുലിതമായി ഉപയോഗിക്കാനാണ് പഠിപ്പിക്കുന്നത്. യുവാക്കളെ ആസക്തിയില്‍ നിന്ന് സംരക്ഷിക്കുന്നതിലും മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവയുടെ അന്താരാഷ്ട്ര വ്യാപാരം തടയുന്നതിലും സമൂഹത്തിന് നിര്‍ണായകമായ പങ്കുണ്ട്.
1857 മുതല്‍ 1947 വരെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സംഭാവന നല്കിയ അറിയപ്പെടാത്ത പോരാളികളെ കണ്ടെത്തി അവരുടെ കഥകള്‍ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും പിന്തുണയ്ക്കണം, സര്‍കാര്യവാഹ് പറഞ്ഞു. ഗുണവന്ത് സിംഗ് കോഠാരി, രാജ്കുമാര് ലോഹ്യ എന്നിവരും സംസാരിച്ചു.
















