കാലമാണ് വീണ്ടും ഉയിര്‍ക്കുന്നത്.. സ്വാഭിമാനത്തിന്‍റെ പ്രകാശം ദിക്കത്രയും ചൊരിഞ്ഞ് പകലാകെ എരിഞ്ഞുകത്തിയ സൂര്യന്‍ തെങ്കടലിനെ ചോര കൊണ്ട് ചുവപ്പിച്ച് മറഞ്ഞുപോയിട്ട് രണ്ട് നൂറ്റാണ്ടും ഒരു ദശകവും പിന്നിട്ടിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും ജനകീയനായ സ്വാതന്ത്ര്യസമരനായകന്‍റെ ധീരസ്മൃതികളില്‍ ഒരു നാടിതാ അഭിമാനത്തിന്‍റെ തിരത്തള്ളലില്‍ ശിരസ്സ് കുനിക്കുന്നു.
തലക്കുളത്തെ വലിയവീട്ടില്‍ നിന്ന് ഇരണിയലിലെ സിംഹനല്ലൂര്‍ പടവീടിന് മുന്നില്‍ വിളിച്ചുകൂട്ടിയ ഹിരണ്യസിംഹനല്ലൂര്‍ കൂട്ടത്തിലൂടെ ജനകീയപോരാളിയായി തിരുവിതാംകൂറിന്റെ കാര്യക്കാരനായും ധനകാര്യമന്ത്രിയായും ദളവയായും പോരാട്ടത്തിന്റെ മാത്രം ജീവിതമാടിയ 44 വര്‍ഷം…. 1765ല്‍ ജനനം… 1809ല്‍ അമരത്വം… മ്ലേച്ഛന്മാരായ വെള്ളക്കാര്‍ തൊട്ട് അശുദ്ധമാക്കാതിരിക്കാന്‍ സ്വയം ജീവിതമൊടുക്കുമ്പോള്‍ പ്രായം വെറും നാല്പത്തിനാല്.
താന്‍ ദുഃഖിച്ചും കുട്ടികള്‍ക്ക് സുഖം വരുത്താനുള്ള ജീവിതമായിരുന്നു വേലുത്തമ്പിയുടേതെന്ന് ചരിത്രകാരന്മാര്‍. ആ ജീവിതം നാടിന് വേണ്ടിയായിരുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയായിരുന്നു. അവരുടെ ജീവിതസുരക്ഷിതത്വത്തിനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടിയായിരുന്നു. അതിനായി വേലുത്തമ്പി ഭരണകൂടങ്ങളോട് കലഹിച്ചു, പൊന്നുതമ്പുരാനോടും പിണങ്ങി, ഉപജാപകരോട് പൊരുതി, വെള്ളക്കാരോട് യുദ്ധം ചെയ്തു. ഇരണിയല്‍ പ്രഭുക്കന്മാരുടെ കൊട്ടാരക്കെട്ടുകള്‍ക്ക് മുന്നില്‍ക്കൂടി മറ്റൊരാള്‍ക്ക് കുതിരപ്പുറത്ത് സവാരി പാടില്ലെന്ന അധികാരം തീര്‍ത്ത അയിത്തത്തിന്‍റെ തിട്ടൂരങ്ങള്‍ വേലുത്തമ്പി വലിച്ചെറിഞ്ഞു.
ആറടി പൊക്കവും വിരിമാറും ഉള്ള കരുത്തനായ വേലുത്തമ്പി കുതിര ഓടിച്ചുപോകുന്നതു നോക്കിനിന്ന ജനം അന്തസ്സോടെ, ആരാധനയോടെ ‘തലക്കുളത്തെ കുതിരപ്പക്ഷി’ എന്ന് മന്ത്രിച്ചു.
‘മഹാരാജാക്കന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും പ്രഭുജനങ്ങളും മാത്രം ഉപയോഗിക്കാറുള്ള നിലയങ്കി അണിഞ്ഞ് ഗൂഢമായി ഒരു അരവാള്‍ അരയില്‍ തിരുകി, മറ്റൊരു പടവാള്‍ പുറത്തുകാണത്തക്കവണ്ണം തൂക്കിയിട്ട്, അഗ്രം മേല്പോട്ടു തെല്ലു വളഞ്ഞിട്ടുള്ള പാദുകങ്ങള്‍ ധരിച്ച്, പട്ടുനൂലും കസവും കലര്‍ത്തി നെയ്തിട്ടുള്ള പതിനാറുമുഴം വീരാളിപ്പട്ട് തലയില്‍ കെട്ടി കുതിക്കുന്ന കുതിരയില്‍ വേലുത്തമ്പി സവാരി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ജനങ്ങള്‍ അദ്ദേഹത്തെ ഒരു അസാധാരണ യുവകേസരിയെന്ന് വര്‍ണ്ണിച്ചുപോന്നു.’ (സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവ).
എല്ലാം നഷ്ടപ്പെടുമെന്ന ഘട്ടത്തിലും ജനശക്തിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. താനില്ലാതായാലും ജനം പൊരുതിക്കൊണ്ടേയിരിക്കുമെന്ന പ്രതീക്ഷയും വിശ്വാസവും നെഞ്ചേറ്റിയാണ് ആ വീരന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മണ്ണടിക്കാവില്‍ ജീവിതം ആഹുതി ചെയ്തത്. ഇരണിയലില്‍ നിന്നുയര്‍ന്ന ജനനായകനായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമുതല്‍ മണ്ണടിക്കാവിലെ മണല്‍ത്തരികളില്‍ ആ ഹൃദയരക്തം വാര്‍ന്നൊഴുകുന്നതുവരെ വിശ്രമമെന്തെന്നറിയാത്ത ജീവിതമായിരുന്നു അത്. ‘മണ്ണടിക്കാവിന്ത്യ താന്‍ അഭിമാനമോടറിവേന്‍’ എന്ന് കവികള്‍ പാടിയത് ആ മണ്ണിന്റെ ചൂട് അറിഞ്ഞുതന്നെയാണ്.
”ഇങ്ങ് തെക്കൊരിടത്തിലാദ്യം
സിന്ധുവാരിധിയലയടിച്ചു
ഇശൈ പാടിയ വില്ലിലാദ്യം
ഇന്ത്യ തന്‍ രണഭേരികേട്ടു
ഇങ്ങ് തെക്കൊരിടത്തിലാദ്യം
ഹൈമശിഖരം പ്രതിഫലിച്ചു
ഈഷല്‍ വിട്ടുണരാ, നുണര്‍ത്താന്‍
കാഹളധ്വനിയലടിച്ചു
ഇങ്ങു തെക്കൊരിടത്തിലാദ്യം
വിടുതലെന്ന വിളംബരത്തിന്‍
ഇടിനിനാദമതെന്റെ ഭാഷയില്‍
എന്റെ ശ്വസിതത്തില്‍….”
പി. നാരായണക്കുറുപ്പ്
(തലക്കുളം മണ്ണടി)
മണ്ണടിക്കാവിലെ ചാമുണ്ഡേശ്വരിക്ക് മുന്നില്‍ ജീവരക്തം തര്‍പ്പണം ചെയ്ത ധീരദേശാഭിമാനി വേലുത്തമ്പി അഭ്രപാളിയില്‍ അരനൂറ്റാണ്ട് മുമ്പ് പുനര്‍ജനിച്ചപ്പോള്‍ ജ്വലിച്ചുയര്‍ന്ന വാക്കുകള്‍….
”അനാദികാലം തൊട്ട് നിനക്ക് തങ്കക്കാപ്പും ചെത്തിമാലയും ചാര്‍ത്തി ആരാധന നടത്തുന്ന തറവാടാണ് തലക്കുളം. ആ തറവാട്ടിലെ കരുത്താര്‍ന്ന ആണ്‍പിറവി നിനക്കിതാ അവന്റെ കുടല്‍ മാല ചാര്‍ത്തുന്നു. പാതാളത്തെയും ചവിട്ടിത്താഴ്ത്തി നില്‍ക്കുന്ന അവിടുത്തെ പാദങ്ങള്‍ ഞാനിതാ എന്റെ ചോര കൊണ്ട് കഴുകുന്നു. അവിടുത്തെ തൃപ്പാദങ്ങള്‍ ശുദ്ധമാകാനല്ല, എന്റെ നാട്ടുകാരുടെ മനസ്സ് നന്നാകാന്‍…. അവരുടെ ഹൃദയം ദേശസ്നേഹം കൊണ്ട് ചുവന്നുതുടിക്കാനമ്മേ…. ഈ മണ്ണടിക്കാവ് കാണുമ്പോഴെങ്കിലും അവരെന്നെ ഓര്‍ക്കട്ടെ, ഇവിടെ വളഞ്ഞുപുളഞ്ഞൊഴുകി തളം കെട്ടിയ ഈ ചോര ഒരു ചോദ്യചിഹ്നമായി ഉയരട്ടെ… അവര്‍ ചോദിക്കട്ടെ… തലക്കുളത്ത് വേലുത്തമ്പി ജീവിച്ചതെന്തിന്, മരിച്ചതെന്തിന്….”
മേലോട്ട് പിരിച്ചുവച്ച മീശയും താഴോട്ടൊഴുകുന്ന കണ്ണീരും കടമ ചെയ്യുന്നവന് ഭൂഷണമല്ലെന്ന് അനുജന്‍ പത്മനാഭന്‍ തമ്പിയെ ഓര്‍മ്മിപ്പിക്കുന്ന വേലുത്തമ്പിയുടെ ജീവന്‍ തുടിക്കുന്ന ആ ചിത്രം അഭിമാനിയായ മലയാളിക്ക് മറക്കാനാവില്ല. ”അടര്‍ക്കളത്തില്‍ മരിച്ചുവീണാല്‍ അതാണേറ്റവും വലിയ പെരുമ. അതിനുവേണ്ടി ഞാന്‍ വെള്ളക്കാരന്റെ വെങ്കലപ്പീരങ്കികള്‍ക്കുമുന്നില്‍ എത്ര തവണ നിവര്‍ന്നുനിന്നു. എന്നിട്ടും ആ മെക്കാളെ എന്നെ കൊന്നില്ല. അവനെന്റെ പ്രേതമല്ല വേണ്ടത്. ജീവനോടെ പിടിക്കണമത്രെ. എന്നിട്ട് എന്തിന്… പരസ്യമായി അപമാനിച്ച്, ചിത്രവധം ചെയ്ത് പകവീട്ടാനുള്ള ദുര്‍മ്മോഹമാണ് ആ കാപ്പിരിക്ക്….. ആത്മാവ് തോല്‍ക്കുന്നതല്ലെന്ന് അവന് അറിയില്ല. നിത്യസ്വതന്ത്രനായ ആത്മാവ് അനീതിക്കെതിരെ പിന്നെയും പോരാടും. അഭിമാനികളായ തലമുറകളിലേക്ക് എന്റെ ആത്മാവ് പകര്‍ന്നാടുക തന്നെ ചെയ്യും….
നിര്‍ദയസ്വാര്‍ത്ഥഭരണത്തിന്റെ കൊടിയേറ്റത്തിനും കോലംകെട്ട വാഴ്ചയ്ക്കുമിടയില്‍ പിന്നെയും കേരളം 67 വർഷം തുഴഞ്ഞുനീങ്ങിയിരിക്കുന്നു. തലമുറകളിലേക്ക് പടരുമെന്ന് വേലുത്തമ്പി ആത്മവിശ്വാസം കൊണ്ട നിത്യസ്വതന്ത്രനായ ആ ആത്മാവ് പുനര്‍ജനിക്കുകയാണ്. അമരമായ ഓര്‍മ്മകളില്‍ ഒരു രാഷ്ട്രമാകെ ആത്മാഭിമാനത്തിന്റെ തേരിലേറുമ്പോഴാണ് മറവിയുടെ ആഴങ്ങളില്‍നിന്ന് ‘സ്വരാജ്യാഭിമാനി’യുടെ പുനരുത്ഥാനം…
Discussion about this post