ഇ. യു. ഈശ്വരപ്രസാദ്
(എബിവിപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
കേരളത്തിലെ വിദ്യാഭ്യാസമേഖലക്ക് ശ്രീ പകരുന്ന പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പ് വച്ചത് വിദ്യാർത്ഥിസമൂഹത്തിനു വലിയ പ്രതീക്ഷ നൽകുന്നു. സമകാലിക കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖല വലിയ രീതിയിലുള്ള സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കാലഘട്ടമാണിത്. മോഡൽ പരീക്ഷയുടെ നടത്തിപ്പിനും കായിക മേളയുടെ നടത്തിപ്പിനും മറ്റും വിദ്യാർത്ഥികളിൽ നിന്നു പണം പിരിക്കേണ്ട സാഹചര്യമാണ്. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം പലഘട്ടങ്ങളിൽ മുടങ്ങിയ സാഹചര്യത്തിൽ 3 മാസം കൂടുമ്പോൾ നടക്കണ്ട അധ്യാപക പരിശീലനത്തിന് പോലും പണമില്ല. (എസ് എസ് കെ ഫണ്ടിന്റെ അഭാവത്തിൽ സ്റ്റാർസ് ഫണ്ട്). എസ് എസ് കെയുടെ കീഴിൽ 7000 ജീവനക്കാർക്ക് മാസങ്ങളായി ശമ്പളമില്ല, പാഠപുസ്തക അച്ചടി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തകിടം മറിഞ്ഞ അവസ്ഥ. കേന്ദ്ര വിദ്യാഭ്യസ മന്ത്രാലയം പിജിഐ ഇൻഡക്‌സിൽ 1000 പോയിന്റിൽ 594 പോയിന്റ് മാത്രം നേടി മുൻ വർഷങ്ങളെ അപേക്ഷിച്ച് കേരളം താഴേയ്‌ക്ക് പോയി. വിദ്യാഭ്യാസമേഖലയിൽ കാലാനുസൃതമായ പരിവർത്തനങ്ങൾ വരേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു.
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതോടെ തുടക്കത്തിൽ 336 സ്‌കൂളുകൾക്ക് – പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണഫലമുണ്ടാകും. ഒരു ബ്ലോക്കിൽ തിരഞ്ഞെടുക്കപ്പെട്ട 2 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, പഠന സൗകര്യങ്ങൾ തുടങ്ങിയ വിദ്യാലയത്തിന്റെ അന്തരീക്ഷം കാതലായ മാറ്റത്തിനു വിധേയമാകും. കേന്ദ്രീയ/ നവോദയ വിദ്യാലങ്ങൾക്ക് തുല്യമായ അല്ലെങ്കിൽ അതിലും മുകളിൽ വിദ്യാഭ്യസ നിലവാരം മെച്ചപ്പെടും. എൻഇപി അനുസരിച്ച്, കുട്ടികളുടെ വൈവിധ്യമാർന്ന പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങൾ, അക്കാദമിക് കഴിവുകൾ എന്നിവ പരിപാലിക്കുകയും അവരെ സ്വന്തം പഠന പ്രക്രിയയിൽ സജീവ പങ്കാളികളാക്കുകയും ചെയ്യുന്ന, തുല്യവും ഉൾക്കൊള്ളുന്നതും സന്തോഷകരവുമായ ഒരു സ്‌കൂൾ അന്തരീക്ഷത്തിൽ പിഎം ശ്രീ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകും. പിഎം ശ്രീ സ്കൂളുകൾ അതത് പ്രദേശങ്ങളിലെ മറ്റ് സ്‌കൂളുകൾക്ക് മെന്റർഷിപ്പ് നൽകിക്കൊണ്ട് നേതൃത്വം നൽകും. ഈ സ്‌കൂളുകളിൽ സ്വീകരിക്കുന്ന അധ്യാപനരീതി കൂടുതൽ അനുഭവപരവും, സമഗ്രവും, സംയോജിതവും, ഉപകരണാധിഷ്ഠിതവും (പ്രത്യേകിച്ച്, അടിസ്ഥാന വർഷങ്ങളിൽ) അന്വേഷണാധിഷ്ഠിതവും, കണ്ടെത്തൽ കേന്ദ്രീകൃതവും, പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതും, ചർച്ചാധിഷ്ഠിതവും, വഴക്കമുള്ളതും ആസ്വാദ്യകരവുമായിരിക്കും.
ഓരോ ക്ലാസിലെയും ഓരോ കുട്ടിയുടെയും പഠന ഫലങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ആശയപരമായ ധാരണയെയും യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ അറിവിന്റെ പ്രയോഗത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും മികച്ച തൊഴിലവസരങ്ങൾ നൽകുന്നതിനുമായി മേഖലാ നൈപുണ്യ കൗൺസിലുകളുമായും പ്രാദേശിക വ്യവസായവുമായും ഉള്ള ബന്ധം പ്രോത്സാഹിപ്പിക്കും. ഫലങ്ങൾ അളക്കുന്നതിനുള്ള പ്രധാന പ്രകടന സൂചകങ്ങൾ വ്യക്തമാക്കുന്ന ഒരു സ്‌കൂൾ ഗുണനിലവാര വിലയിരുത്തൽ ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് ഈ സ്‌കൂളുകളുടെ ഗുണനിലവാര വിലയിരുത്തൽ കൃത്യമായ ഇടവേളകളിൽ നടത്തും.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സോളാർ പാനലുകൾ, എൽഇഡി ലൈറ്റുകൾ, പ്രകൃതിദത്ത കൃഷിയോടുകൂടിയ പോഷകാഹാര ഉദ്യാനങ്ങൾ, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് രഹിതം, ജലസംരക്ഷണം, വിളവെടുപ്പ്, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളെക്കുറിച്ചുള്ള പഠനം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഹാക്കത്തോൺ, സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കൽ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഘടകങ്ങൾ ഉൾപ്പെടുത്തി പിഎം ശ്രീ സ്‌കൂളുകളെ ഹരിത സ്്കൂളുകളായി വികസിപ്പിക്കും.
എന്നാൽ എൻഇപി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി എന്നിരിക്കെ കേരളത്തിൽ നടപ്പിലാക്കില്ല എന്ന വാദമുയർത്തി. പിഎം ശ്രീ അംഗീകരിക്കാതെ, എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നില്ല എന്ന ഇരവാദം ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പിഎം ശ്രീ പദ്ധതി സമകാലിക കേരളത്തിൽ ആവശ്യമാണെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എബിവിപി 2025 ഏപ്രിൽ 18 നു പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ നേരിൽ കണ്ട് നിവേദനം നൽകിയത്. അന്ന് അദ്ദേഹം, പദ്ധതിയിൽ ഒപ്പിടാൻ ആഗ്രഹമുണ്ട് എന്ന് അനുഭാവ പൂർവ്വം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ അധ്യയന വർഷം ആരംഭിച്ചപ്പോൾ പോലും അതിൽ ഒപ്പ് വയ്‌ക്കാൻ സർക്കാർ തയ്യാറാകാതിരുന്ന സമയത്താണ് എബിവിപി ശക്തമായ സമരവുമായി മുന്നോട്ട് വന്നത്.
ജൂൺ പകുതിയോടെ വലിയ സമരങ്ങളുമായി വിദ്യാർഥികളെ സംഘടിപ്പിച്ച് തെരുവിലിറങ്ങിയ സമയത്ത്, സർക്കാർ സമരങ്ങളെ അടിച്ചമർത്താൻ ആവുന്നതെല്ലാം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസിന്റെ അക്രമം. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറിക്ക് നേരെ എസ്.എഫ്.ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെയും ആക്രമണമുണ്ടായി. എബിവിപിയുടെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ കേരളത്തിലെ ഇതര വിദ്യാർത്ഥി സംഘടനകൾ മുഴുവനും പദ്ധതിയെ എതിർത്തപ്പോളും സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന പദ്ധതിയിൽ കേരളം അംഗമാകണം എന്ന നിലപാട് എടുത്തത് എബിവിപി മാത്രമാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വയ്‌ക്കില്ല എന്ന തീരുമാനം യോഗത്തിൽ പറഞ്ഞപ്പോൾ യോഗം ബഹിഷ്‌കരിച്ച് ശക്തമായ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് എബിവിപി മുന്നോട്ട് പോയി. ജൂലൈ 15 ന് കോഴിക്കോട് നടത്തിയ മാർച്ചിൽ 50 ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
അതിനിടയിലാണ് കേരളത്തിലെ വിദ്യാലയങ്ങൾ ഹൈടെക് ആണെന്ന് പറയുമ്പോൾ ചവറയിൽ ഫിറ്റ്‌നസ് ഇല്ലാത്ത വിദ്യാലയത്തിൽ മിഥുൻ എന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരണപ്പെട്ടത്. ‘മന്ത്രി ശിവൻകുട്ടിക്ക് മാപ്പില്ല’ എന്ന് പ്രഖ്യാപിച്ച് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പ് വയ്‌ക്കണം, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കണം എന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ലാത്തി വീശി. സംസ്ഥാന സെക്രട്ടറിയടക്കം 19 പ്രവർത്തകർ ജയിലിടക്കപ്പെട്ടു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
മാസങ്ങളോളം നീണ്ട തുടർ സമരങ്ങളുടെ ഫലമാണ് കേരളവും പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുന്നത്. ഇതോടെ പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ മുഖശ്രീ മാറുമെന്ന് തീർച്ചയാണ്. സമരത്തെ നയിച്ചും പൊരുതിയും നേടിയ എബിവിപി പ്രവർത്തകർക്ക് വിദ്യാഭ്യാസ സമൂഹം അഭിവാദ്യങ്ങളർപ്പിക്കുമ്പോൾ പിഎം ശ്രീയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല നവീകരിക്കപ്പെടുമെന്ന് ഉറപ്പാണ്.



















Discussion about this post