ശ്രീനഗര്‍: പുല്‍വാമയില്‍ മൂന്ന് സൈനികോദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലഷ്‌കര്‍ ഭീകരന്‍ മുഖ്തിയാര്‍ ഭട്ട് അടക്കം നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിദേശിയാണ്. ഇയാള്‍ ചാവേറായിരുന്നുവെന്നാണ് സൈന്യത്തിന്‍റെ നിഗമനം. തെക്കന്‍ കശ്മീരിലെ അവന്തിപ്പോരയിലും ബിജ്‌ബെഹറയിലും ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവയ്പിലാണ് നാല് ഭീകരര്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ പറഞ്ഞു.
അവന്തിപ്പോര ഖണ്ഡിപ്പോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മുഖ്തിയാര്‍ ഭട്ട് അടക്കം മൂന്നുപേരെ വധിച്ചത്, സിആര്‍പിഎഫിലെ ഒരു എഎസ്ഐയെയും രണ്ട് സൈനികരെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കാളിയാണ് ഇയാളെന്ന് എഡിജിപി ട്വീറ്റ് ചെയ്തു. സുരക്ഷാസേനയുടെ ക്യാമ്പില്‍ ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്യുന്നിതിനിടെയാണ് സൈനിക നടപടിയുണ്ടായത്. ഒരു എകെ 74 റൈഫിള്‍, ഒരു എകെ 56 റൈഫിള്‍, ഒരു പിസ്റ്റള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ട മൂന്നാമന്‍ റായീസ് അഹമ്മദാണ്.
അനന്ത്നാഗിലെ ബിജ്ബെഹറ സെംതാന്‍ മേഖലയിലാണ് ആദ്യ വെടിവയ്പ്പുണ്ടായത്, അതില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ലഡര്‍മുഡ് സ്വദേശി ഹബീബുള്ളയുടെ മകന്‍ ഷാക്കിര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. തെരച്ചില്‍ നടത്തുന്നതിനായി പോലീസും സൈന്യവും പ്രദേശം വളഞ്ഞപ്പോള്‍ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഹിസ്ബുല്‍ മുജാഹിദീനുമായി ബന്ധമുള്ള ഷാക്കിര്‍ പോലീസ്, സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങളടക്കം നിരവധി ഭീകര കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ്.
അതിനിടെ രാംഗ്രേത്തില്‍ നിന്ന് 10 കിലോഗ്രാം ഭാരമുള്ള ഐഇഡി സൈന്യം കണ്ടെടുത്തു. ഈ വര്‍ഷം ഇതുവരെ 167 ഭീകരരെ ഭീകരരെയാണ് കശ്മീരില്‍ മാത്രം വധിച്ചതെന്ന് എഡിജിപി വിജയകുമാര്‍ പറഞ്ഞു. ഹര്‍ണംബാലില്‍ നടന്ന തെരച്ചിലില്‍ പ്രദേശവാസികളായ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. മുഷ്താഖ് ദാര്‍, കബീല്‍ റഷീദ് എന്നിവരാണ് പിടിയിലായതെന്ന് പോലീസ് വക്താവ് അറിയിച്ചു.
Discussion about this post