ന്യൂ ഡെൽഹി: സുപ്രീംകോടതിയുടെ അമ്പതാം ചീഫ്‌ജസ്‌റ്റിസായി ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2016 മെയ് 13ന് സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട ജസ്‌റ്റിസ് ചന്ദ്രചൂഡിന് ചീഫ്‌ജസ്‌റ്റിസ് പദവിയിൽ രണ്ട് വർഷം സേവനകാലയളവുണ്ട്. ജസ്‌റ്റിസ് യു യു ലളിത് കഴിഞ്ഞദിവസം വിരമിച്ചിരുന്നു.
സുപ്രീംകോടതിയുടെ 16–-ാമത് ചീഫ്‌ജസ്‌റ്റിസായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചരിത്രത്തിൽ ഇതാദ്യമായാണ് അച്ഛനും മകനും സിജെഐ ആകുന്നത്. 2013 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായിരുന്നു. 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്‌ജിയായി. 1998ൽ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു.
Discussion about this post