ലക്‌നൗ:കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കി. മസ്ജിദ് സമുച്ചയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രധാന വിധി അലഹബാദ് ഹൈക്കോടതി നടത്തിയത്. ഒപ്പം സര്‍വെ നടത്താന്‍ അനുമതി നല്‍കിയ വാരണണാസി സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവക്കുകയും ചെയ്തു. ജൂലൈ 21നാണ് സര്‍വ്വെ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ വാദം നടക്കുന്നതിനാല്‍ വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുടെ സര്‍വേ ആരംഭിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) നേരത്തേ ആവശ്യപ്പെട്ടിരുന്നു.
നേരത്തേ, വാരാണസി കോടതി ഉത്തരവിനെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധന തുടങ്ങിയിരുന്നു. .അംഗശുദ്ധി വരുത്തുന്ന ഇടത്ത് ശിവലിംഗം കണ്ടെത്തിയെന്നായിരുന്നു ഹിന്ദു സംഘടനകള്‍ വെളിപ്പെടുത്തിയത്. കാലഘട്ടം നിര്‍ണയിക്കുന്നതിനായാണ് പരിശോധന നടത്തുന്നത്. ഓഗസ്റ്റ് 4ന് പരിശോധനയുടെ റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിക്കാനാണ് സംഘം തയാറെടുത്തത്.
കഴിഞ്ഞ വര്‍ഷം മേയില്‍ കോടതി ഉത്തരവ് പ്രകാരം നടത്തിയ വിഡിയോ സര്‍വേയിലാണ് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗം പറഞ്ഞത്. ഇതേ തുടര്‍ന്നാണ് സമ്പൂര്‍ണ സര്‍വേ വേണമെന്ന് ആവശ്യപ്പെട്ട് വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്. പള്ളിക്ക് കേടുപാടുണ്ടാകുന്നതിനാല്‍ പരിശോധന ഒഴിവാക്കണമെന്ന് മുസ്ലിം വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ വാദം അംഗീകരിച്ചിരുന്നില്ല. ശിവലിംഗമെന്ന് ഹിന്ദു വിഭാഗം വാദിക്കുന്നത് ജലധാരയുടെ ഭാഗമാണെന്നാണ് മുസ്ലിം വിഭാഗത്തിന്റെ വാദം. എന്നാല്‍ ശരിയായ വസ്തുതകള്‍ പുറത്തു വരുന്നതിനായി സര്‍വേ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പള്ളിയിലെ ചടങ്ങുകളെ ബാധിക്കാത്ത രീതിയില്‍ പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post