സിംല: നേഷന്‍ ഫസ്റ്റ് എന്ന മുദ്രാവാക്യം സോഷ്യല്‍ മീഡിയയുടെ പ്രാണനാകണമെന്ന് ബോളിവുഡ് നടി കങ്കണാ റണാവത്. ആധുനികതയുടെ ഒഴുക്കില്‍ സമാജം സംസ്‌കൃതിയില്‍ നിന്ന് അകലുന്നതിനെ പ്രതിരോധിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് കടമയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വിശ്വസംവാദ കേന്ദ്രം ബിലാസ്പൂരില്‍ സംഘടിപ്പിച്ച ഹിമാചല്‍ സോഷ്യല്‍ മീഡിയാ മീറ്റില്‍ സംസാരിക്കുകയായിരുന്നു കങ്കണ റണാവത്.
സമൂഹത്തിനും സംസ്‌കാരത്തിനും ദോഷകരമായ ഘടകങ്ങളില്‍ നിന്ന് പുതിയ തലമുറയെ സംരക്ഷിക്കുന്നതില്‍ സോഷ്യല്‍ മീഡിയ സ്വാധീനമുള്ളവര്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. പുതിയ തലമുറ സോഷ്യല്‍മീഡിയയിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രം ആദ്യം എന്ന ആശയം എല്ലാ പ്രചാരണങ്ങളുടെയും അന്തര്‍ധാരയാകണം, അവര്‍ പറഞ്ഞു.
ഭാരതം ഒരു ദിവസത്തെ കിനാവില്‍ നിന്ന് രൂപം കൊണ്ട രാഷ്ട്രമല്ലെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു. ഇന്നത്തെ ഭാരതം ആയിരക്കണക്കിന് വര്‍ഷങ്ങളുടെയും അനേകം തലമുറകളുടെയും അനുഭവത്തില്‍ നിന്നാണ് രൂപം കൊണ്ടത്. ലോകത്തിന്റെ ഒരു കോണിലും ഇത്തരമൊരു സമൂഹമില്ല. രാഷ്ട്രത്തിനായി സര്‍വം സമര്‍പ്പിക്കുന്ന സമൂഹമാണ് നമ്മുടെ കരുത്ത്. അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ എഴുതുകയോ പറയുകയോ ചെയ്യുന്ന ഒരു നല്ല കാര്യവും പാഴാകില്ലെന്നും അതിനാല്‍ ഹൃദയശുദ്ധിയോടെ എഴുതാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരായ സംവാദങ്ങള്‍ ഒഴിവാക്കാനും കുടുംബത്തെയും സംസ്‌കാരത്തെയും നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ സംഭാവന നല്‍കാനും അദ്ദേഹം സോഷ്യല്‍ മീഡിയ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ആര്‍എസ്എസ് ഹിമാചല്‍ പ്രാന്ത കാര്യവാഹ് ഡോ. കിസ്മത്ത് കുമാറും പരിപാടിയില്‍ സംസാരിച്ചു.
Discussion about this post