ഹൈദരാബാദ്(തെലങ്കാന): സൃഷ്ടിയുടെയും പരിപോഷണത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനം മാതൃത്വമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളില്‍ ഒന്നാണ് ഭാരതത്തിന്റേത്. ഭാരതീയ മാതൃത്വം എന്നത് മാനുഷികാനുഭവങ്ങളില്‍ ഏറ്റവും മൂല്യമേറിയതും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വനിതാ സംഘടനയായ വിശ്വമാംഗല്യ സഭ യൂസഫ്ഗുഡ കൊമരംഭീം വനവാസിഭവനില്‍ രണ്ട് ദിവസമായി നടത്തിവന്ന ദക്ഷിണഭാരത പ്രബോധന്‍വര്‍ഗിന്റെ സമാപനപരിപാടിയില്‍ യുഗാനുകൂല മാതൃത്വം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് വിഷയത്തിലും അനുഭവത്തേക്കാള്‍ വലിയ ആധികാരികതയില്ല. ആഴമേറിയ അനുഭവസമ്പത്തുള്ള അമ്മമാരെക്കുറിച്ച് അമ്മമാരോടുതന്നെ സംസാരിക്കാന്‍ വിധി വരുന്നത് ഒരു പരീക്ഷണമാണ്. നിരവധി നൂറ്റാണ്ടുകളായി ഭാരതത്തില്‍ അധിനിവേശം നടത്തിയ വൈദേശികരുടെ സ്വാധീനം നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ മാത്രമല്ല, ദൈനംദിന ജീവിതരീതിയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യുഗാനുകൂലമാതൃത്വം എന്ന വിഷയം ഏറെ പ്രസക്തമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

കുടുംബമൂല്യങ്ങളാണ് സമാജത്തെ ധര്‍മ്മത്തിലുറച്ച് മുന്നോട്ടുപോകാന്‍ സഹായിക്കുന്നത്. കുടുംബത്തിനുള്ളില്‍ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഭാര്യയ്ക്കും ഭര്‍ത്താവിനും സമമാണ്. സ്ത്രീപുരുഷന്മാര്‍ക്ക് തുല്യത നല്കുന്നതാണ് ഭാരതീയ ദര്‍ശനം. എന്നാല്‍ സ്ത്രീകള്‍ക്ക് സൃഷ്ടിയുടെ അതുല്യമായ ശക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതം സ്ത്രീകളെ ശക്തിയുടെ മൂര്‍ത്തീഭാവങ്ങളായാണ് കാണുന്നത്. പുരാതന ആചാരങ്ങളിലേക്ക് പൂര്‍ണമായും മടങ്ങാന്‍ കഴിയാത്തതുപോലെ, പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കുന്നതും അഭികാമ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വമാംഗല്യ സഭ സ്ഥാപകന്‍ ജിതേന്ദ്രനാഥ് മഹാരാജ്, ദേശീയ സംഘടനാ സെക്രട്ടറി ഡോ. വൃഷാലി ജോഷി, അഖില ഭാരതീയ മാര്‍ഗദര്‍ശക് പ്രശാന്ത്, ദേശീയ പ്രസിഡന്റ് നളിനി ഹവാഡെ, വൈസ് പ്രസിഡന്റ് സൂരജ് ദാമോര്‍, സ്വീകരണ സമിതി പ്രസിഡന്റ് ഭഗവതി ബല്‍ദ്വ, ജോയിന്റ് സെക്രട്ടറി ശ്രുതി ബോഡുപ്പള്ളി എന്നിവര്‍ പങ്കെടുത്തു.


















Discussion about this post