നാഗ്പൂര്‍: അശോക് സിംഘല്‍ ജന്മശതാബ്ദി സേവാ പദ്ധതികളുടെ ഭാഗമായി ദേവലാപാര്‍ ഗോതീര്ത്ഥത്തില് നാല് പുതിയ പ്രോജക്ടുകള്‍ക്ക് തുടക്കം കുറിച്ചു. ആര്.സി. പ്ലാസ്റ്റോയുടെ പിന്തുണയോടെ സ്ഥാപിതമായ ജൈവ വള യൂണിറ്റ്, തദ്ദേശീയ കന്നുകാലികളുടെ പ്രജനനത്തിനായി ഐവിഎഫ് യൂണിറ്റ്, രാംദേവ് ബാബ സര്‍വകലാശാലയുമായി സഹകരിച്ച് നിര്‍മ്മിച്ച വൈദ്യുതി ഉത്പാദന യൂണിറ്റ്, ഗ്രാമീണ തൊഴില്‍ പ്രോത്സാഹിപ്പിക്കുന്ന റാണി ദുര്‍ഗ്ഗാവതി റൂറല്‍ ഹാഥ് എന്നിവ ഉദ്ഘാടനം ചെയ്തു. രണ്ട് പ്രധാന പദ്ധതികളായ പഞ്ചഗവ്യ കാന്‍സര്‍ വെല്‍നസ് സെന്റര്‍, ഗോ വിദ്യാപീഠം എന്നിവ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചു.


പശു നമ്മുടെ ജീവിതത്തിന്റെ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. ആരാധനയ്ക്കുവേണ്ടിയുള്ളതല്ല, മറിച്ച ഗ്രാമീണ ജീവിതത്തിന്റെയും കൃഷിയുടെയും പരിസ്ഥിതിയുടെയും സമ്പദ്വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്ന് ഗോ തീര്‍ത്ഥത്തിലെ ഗോ ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കൃഷി, ഊര്‍ജ്ജം, ജൈവ വളം, ഗ്രാമീണ സമ്പദ്വ്യവസ്ഥ എന്നിവ ഗോ ആധാരിതമായി ഒരുമിപ്പിക്കണം. പാരമ്പര്യവും ശാസ്ത്രവും സംയോജിപ്പിച്ച് ഗോ ഗവേഷണകേന്ദ്രം തയാറാക്കുന്ന പദ്ധതികള്‍ സമൂഹത്തിന് ഉപയോഗപ്രദവും വഴികാട്ടിയുമാണ. ഗോസേവയ്ക്കും ഗോസംരക്ഷണത്തിനും രാഷ്ട്രസേവനത്തിനുമുള്ള ആജീവനാന്ത സമര്‍പ്പണമായിരുന്നു അശോക് സിംഘല്ജിയുടെ ജീവിതമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാര്‍ പരിപാടിയില്‍ പങ്കെടുത്തു.
ദേവലാപാര്‍ ഗോ-വിജ്ഞാന് അനുസന്ധാന്‍ കേന്ദ്രത്തിന്റെ 30 വര്‍ഷത്തെ പ്രവര്‍ത്തനം പ്രസിഡന്റ് പദ്മേഷ് ഗുപ്ത വിവരിച്ചു.















