ന്യൂദല്‍ഹി: അമൃതാനന്ദമയീ ദേവിയെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സന്ദര്‍ശിച്ചു. വസന്ത്കുഞ്ച് മാതാ അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ആശ്രമത്തിലെത്തിയ മോഹന്‍ ഭാഗവതിനെ മഠം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അമ്മയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അനുഗ്രഹം തേടി.
സ്നേഹം ഒരു മഹാമന്ത്രമാണെന്നും അത് പക്ഷെ ചുണ്ടുകൊണ്ട് ജപിക്കേണ്ടതല്ല, മറിച്ച് ഹൃദയംകൊണ്ട് അറിയേണ്ടതാണെന്നും അനുഗ്രഹ പ്രഭാഷണത്തില്‍ അമ്മ പറഞ്ഞു. സുപ്രീംകോടതി മുന്‍ ജഡ്ജി ഇന്ദിര ബാനര്‍ജി, ദല്‍ഹി ആഭ്യന്തരമന്ത്രി ആശിഷ് സൂദ്, മുന്‍ എംപി രമേഷ് ബിദൂരി, നൂപൂര്‍ പ്രസാദ് ഐപി എസ് തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി.
ഭാരത പര്യടനത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീ ദേവിയുടെ സാന്നിധ്യത്തില്‍ ദല്‍ഹി വസന്ത്കുഞ്ചിലെ ബ്രഹ്മസ്ഥാന മഹോത്സവം ആഘോഷിച്ചു. രാവിലെ വേദിയിലെത്തിയ അമ്മയെ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ഹാരാര്‍പ്പണം ചെയ്തു. ലോകനന്മയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച അമ്മയുടെ സേവനങ്ങള്‍ വാക്കുകള്‍ക്കതീതമാണെന്ന് രേഖ ഗുപ്ത പറഞ്ഞു. മാനവ സേവയിലുടെ ലോകത്തിന് മുന്പില് ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്തുന്ന സ്നേഹമാണ് അമ്മയെന്നും ദല്‍ഹിയുടെ വികസനത്തിനായി അമ്മയുടെ മാര്‍ഗനിര്‍ദേശം അനുസരിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും അവര്‍ വ്യക്തമാക്കി. യമുനയുടെ ശുദ്ധീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അമ്മയ്ക്ക് ഉറപ്പുനല്‍കി.
രക്ഷിക്കാനും ശിക്ഷിക്കാനും സാധിക്കുന്ന മഹാശക്തിയാണ് പ്രകൃതിയെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ അമ്മ പറഞ്ഞു. പ്രകൃതിയോടും സഹജീവികളായ മനുഷ്യരോടും മറ്റു ജീവജാലങ്ങളോടുമുള്ള നമ്മുടെ ധര്‍മം നിറവേറ്റുന്നതിനെയാണ് നല്ല കര്‍മങ്ങള്‍ എന്ന് പറയുന്നതെന്നും അമ്മ ഓര്‍മിപ്പിച്ചു. യജ്ഞവേദിയില്‍ എത്തിയ അമ്മയെ എംപിമാരായ രാംവീര് സിങ്, ബാന്‍സൂരി സ്വരാജ്, എംഎല്‍എമാരായ ഗജേന്ദ്ര യാദവ്, ശിഖറായ് തുടങ്ങിയവര്‍ ഹാരാര്‍പ്പണം ചെയ്തു. ബ്രഹ്മസ്ഥാന മഹോത്സവ സ്മരണിക പ്രകാശനവും അമൃതശ്രീ അംഗങ്ങള്‍ക്കുള്ള ധനസഹായവും സാരി വിതരണവും അമ്മയുടെ നേതൃത്വത്തില്‍ ഭജന, ധ്യാന ദര്‍ശനം എന്നിവയും നടന്നു.
















