തിരുവനന്തപുരം: തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് എല്ലാ മാസവും സര്‍ക്കാര്‍ വക ശമ്പളം. തീവ്രവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് ഒ.എം.എ.സലാമിനാണ് എല്ലാ മാസവും 67,600 രൂപ കെഎസ്ഇബി ശമ്പളമായി കൊടുക്കുന്നത്.
കെഎസ്ഇബി മഞ്ചേരി ഡിവിഷന് റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റ് ആയിരുന്നു ഒ.എം.എ. സലാം. തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി പണം പിരിച്ചതിന് 2020 ഡിസംബര്‍ ആദ്യം അറസ്റ്റുചെയ്തു. ഇതേതുടര്‍ന്ന് 2020 ഡിസംബര്‍ 14ന് സലാമിനെ കെഎസ്ഇബി സസ്പെന്‍ഡും ചെയ്തു. സസ്പെന്‍ഷനില്‍ ആയ വ്യക്തിക്ക് ആറു മാസക്കാലത്തേക്ക് ഉപജീവന ബത്ത നല്‍കണം എന്നാണ് നിയമം. അതിനിടയില്‍ സസ്പെന്ഷന് കാരണമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണം. അന്വേഷണം പൂര്‍ത്തിയാക്കി നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ന്ന് സസ്പെന്‍ഷനില്‍ നിര്‍ത്തി ശമ്പളം കൊടുക്കണമെന്നുമാണ് നിയമം. ഇതിന്റെ ആനുകൂല്യം പറ്റിയാണ് സലാമിന് ശമ്പളം നല്‍കുന്നത്. ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണ് അന്വേഷണം. ഇതിനിടയില്‍ സലാം ജാമ്യത്തിലിറങ്ങി. കോടതിയില്‍ നിരവധി തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അന്വേഷണം നീട്ടിക്കൊണ്ടുപോയി. സസ്പെന്‍ഷനില്‍ ആയിട്ടും ശമ്പളം നല്‍കുന്നത് പുറത്ത് അറിയാതിരിക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒഴിവാക്കിയാണ് പണം അനുവദിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.84 ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ.സലാം സമര്‍പ്പിച്ച ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റില്‍ പറഞ്ഞിട്ടുണ്ട്. മാര്‍ച്ച് 2003 മുതല്‍ 2010 ജൂലൈ വരെ ലീവ് ആയിരുന്നു. അതിനുശേഷം പലപ്പോഴും മാസങ്ങളോളം മെഡിക്കല്‍ ലീവും എടുത്താണ് ഭീകര പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. കഴിഞ്ഞ ദിവസം രാജ്യത്തെ നൂറോളം കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ മഞ്ചേരിയിലെ വീട്ടില്‍ നിന്ന് പിടികൂടി ദല്‍ഹിയിലേക്ക് കൊണ്ടു പോയി. എന്നിട്ടും കെഎസ്ഇബി നടപടികളിലേക്ക് നീങ്ങിയിട്ടില്ല.
Discussion about this post