കൊച്ചി: വൈദ്യശാസ്ത്ര-ആരോഗ്യ പരിപാലന രംഗത്തെ മികവിനുള്ള സീതാറാം ജയ്പുരിയ ഫൗണ്ടേഷന്‍ അവാര്‍ഡ് അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ആര്‍ കൃഷ്ണകുമാറിന് സമ്മാനിച്ചു. ഡല്‍ഹിയിലെ ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം സൊണാലി ബിന്ദ്രയാണ് അവാര്‍ഡ് സമ്മാനിച്ചത്.
സമൂഹത്തിനു വേണ്ടി നടത്തുന്ന മാതൃകാപരമായ സേവനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് ഫൗണ്ടഷന്‍ ചെയര്‍മാന്‍ അശോക് ജയ്പുരിയ പറഞ്ഞു. ഇന്ത്യയിലെ വൈദ്യശാസ്ത്ര-ആരോഗ്യ സംരക്ഷണ രംഗത്ത് നല്‍കിയ ശ്രദ്ധേയമായ സംഭാവനകളും സമൂഹത്തിന് വേണ്ടി ചെയ്ത നിസ്വാര്‍ത്ഥ സേവനങ്ങളുമാണ് ഡോ.കൃഷ്ണകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
അവാര്‍ഡ് തുകയായ 50 ലക്ഷം രൂപ നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി അമൃത ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അമൃതയിലെ പീഡിയാട്രിക് ഹാര്‍ട്ട് ടീമിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരത്തെ കാണുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണയും പ്രചോദനവും നല്‍കുന്ന മാതാ അമൃതാനന്ദമയി ദേവിയോട് വളരെയധികം കടപ്പാടുണ്ടെന്നും ഡോ.കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post