കട്ടപ്പന: നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന ഗവ. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വി. കണ്ണനെ എസ്എഫ്‌ഐക്കാര്‍ ആറ് മണിക്കൂര്‍ പൂട്ടിയിട്ടു. രാവിലെ പത്തരയോടെ അദ്ദേഹത്തിന്‍റെ തന്നെ മുറിയില്‍ പൂട്ടിയിട്ട അവര്‍ വൈകിട്ട് നാലരയോടെയാണ് സ്വതന്ത്രനാക്കിയത്. കോളജ് യൂണിയന്‍ ചെയര്‍മാന്‍ കെ.ബി. ജിഷ്ണുവിനെയും പ്രവര്‍ത്തകന്‍ രഞ്ജിത്തിനെയും സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരാഭാസം.
കഴിഞ്ഞ ദിവസം തൃശൂരിലെ മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പി. പിദിലീപിനെ ജില്ലാ സെക്രട്ടറി ഹസന്‍ മുബാരിക്കിന്‍റെ നേതൃത്വത്തില്‍, എസ്എഫ്‌ഐക്കാര്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുയര്‍ത്തിയ വിവാദം കെട്ടടങ്ങും മുന്‍പാണ് കട്ടപ്പന സംഭവം.
കഴിഞ്ഞ 28ന് ഹോസ്റ്റല്‍ സമയം കഴിഞ്ഞെത്തിയ രണ്ട് പെണ്‍കുട്ടികളോട് വാര്‍ഡന്‍റെ ചാര്‍ജുള്ള അധ്യാപിക വിശദീകരണം തേടി. ഇത് ചോദ്യം ചെയ്യാനെത്തിയ ജിഷ്ണുവും രഞ്ജിത്തും വാര്‍ഡനെ അസഭ്യം പറഞ്ഞു. തുടര്‍ന്നാണ് ഇരുവരെയും ഈ മാസം 10 വരെ സസ്പെന്‍ഡ് ചെയ്തത്.
കട്ടപ്പന പോലീസെത്തി ചര്‍ച്ച നടത്തിയെങ്കിലും സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് നടപടി പിന്‍വലിക്കില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വീണ്ടും നടത്തിയ ചര്‍ച്ചയില്‍ കാലാവധി അഞ്ച് ദിവസമായി കുറച്ചതോടെയാണ് വൈകിട്ട് നാലരയോടെ പ്രിന്‍സിപ്പാളിനെ മുറിയില്‍ നിന്ന് ഇറങ്ങാന്‍ അനുവദിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പിടിഎ എക്സിക്യൂട്ടീവ് യോഗം ചേരും. മണിക്കൂറുകളോളം പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ടിട്ടും സംഭവത്തില്‍ പരാതി നല്കാന്‍ കോളജ് അധികൃതര്‍ തയാറായിട്ടില്ല.
Discussion about this post