കൊച്ചി: സംഗതി തവിടാണ്, ഉപയോഗം കഴിഞ്ഞ് കത്തിച്ച് കളയുന്ന ചവറാണ്… പക്ഷെ വെങ്കി തൊടുമ്പോള്‍ അത് തവിയാകും, പാത്രമാകും, മധുരമുള്ള ഐസ്‌ക്രീം കപ്പുകളാകും…. അതുപയോഗിച്ച് പാഴായാല്‍ മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും തീറ്റയാകും, ചെടികള്‍ക്ക് വളമാകും… ശേഷിക്കുന്നത് ഉപേക്ഷിച്ചാലും പതിനഞ്ച് ദിവസത്തിനുള്ളില്‍ മണ്ണില്‍ അലിഞ്ഞുചേരും.
ആത്മനിര്‍ഭരതയിലേക്ക് മുന്നേറാനുള്ള ആഹ്വാനം ഏറ്റെടുത്താണ് എറണാകുളത്തുകാരന്‍ എസ്. വെങ്കിടേശ്വരന്‍ പുതിയ സംരംഭത്തിനിറങ്ങിയത്. തൊഴിലില്ലാത്ത ഗ്രാമീണ വനിതകളെ കരുത്തരാക്കാനുള്ള ഒരുദ്യമം. പ്ലാസ്റ്റിക്കില്‍ വലയുന്ന നാടിന് മോചനം… അങ്ങനെ പലതാണുന്നം. വേസ്റ്റ് ടു വെല്‍ത്ത് എന്ന മുദ്രാവാക്യവുമായി തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കാങ്കയത്താണ് തുടക്കം. അങ്ങനെയാണ് വനിതാസംരംഭകയായ കെ. ലക്ഷ്മിയുടെ നേതൃത്വത്തില്‍ പതിനഞ്ച് ഗ്രാമീണ വനിതകളുടെ പരിശ്രമത്തില്‍ വെങ്കി ബയോ ഡീഗ്രേഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങുന്നത്..
വെങ്കിടേശ്വരന്‍ മാനേജിങ് ഡയറക്ടറും കെ. ലക്ഷ്മി ഡയറക്ടറുമായ സംരംഭം ഇപ്പോള്‍ പുതിയ ചുവടുവയ്പുകളിലാണ്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ അവസരം കിട്ടിയപ്പോള്‍ റയില്‍വേയിലും പ്രതിരോധമേഖലയിലുമൊക്കെ ഇത്തരം പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രേരണയായി. സിഎസ്‌ഐആറിന്റെയും എന്‍ഐഐഎസ്ടിയുടെയും സഹകരണത്തോടെ തികച്ചും ശാസ്ത്രീയമായി മാലിന്യങ്ങളെ സംസ്‌കരിച്ച് സമൂഹത്തിനുപകരിക്കുന്ന പുതിയ ഉത്പന്നങ്ങളിലൂടെയാണ് വെങ്കി കമ്പനി ശ്രദ്ധേയമാകുന്നത്.
കാങ്കയത്തുനിന്ന് കേരളത്തിലേക്കും തുടര്‍ന്ന് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലേക്കും സംരംഭം വ്യാപിപ്പിക്കാനാണ് ലഘു ഉദ്യോഗ് ഭാരതിയുടെ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി കൂടിയായി എസ്. വെങ്കിടേശ്വരന്‍ ലക്ഷ്യമിടുന്നത്. ലഘു ഉദ്യോഗ് ഭാരതിയുടെ സഹകരണത്തോടെ കേരളത്തിലെ ആദ്യ യൂണിറ്റ് കണ്ണൂരില്‍ ആരംഭിക്കുമെന്ന് വെങ്കിടേശ്വരന്‍ പറഞ്ഞു.
Discussion about this post