തിരുവനന്തപുരം: എൽഡിഎഫ് രാജ്ഭവൻ വളഞ്ഞ ദിവസം മന്ത്രി പി.രാജീവിന്‍റെ സാന്നിധ്യത്തിൽ, തലസ്ഥാനത്തു തന്നെ ഗവർണറുടെ പദവിയും അധികാരവും ശക്തമായ ഭാഷയിൽ ഓർമിപ്പിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ. രവി. ഗവർണർ റബർ സ്റ്റാമ്പല്ലെന്നും ഗവർണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ആർ.എൻ. രവി പറഞ്ഞു. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ ഇടപെടുമ്പോൾ അങ്ങനെ ചെയ്യാൻ പാടില്ല, ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന തരത്തിൽ ചർച്ചകളുണ്ടാകുക സ്വാഭാവികമാണ്. അത്തരം അപശബ്ദങ്ങൾക്കല്ല, രാജ്യത്തിന്‍റെ ഭരണഘടനയ്ക്കു മാത്രമാണ് പ്രസക്തി. ലോകായുക്ത പോലുള്ള സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ ഗവർണർക്ക് കൃത്യമായി ഇടപെടാനാകും. ഭരണഘടനാ സ്ഥാപനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള നിയമ നിർമാണങ്ങളിൽ ഗവർണർക്ക് ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ അധികാരമുണ്ട്. ലോകായുക്തയെപ്പോലുള്ള സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താൻ രാജ്യത്ത് പലയിടത്തും ശ്രമമുണ്ട്. അത്തരം ശ്രമങ്ങൾ തടയാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും തമിഴ്നാട് ഗവർണർ പറഞ്ഞു.
ഗവർണർക്ക് എന്തൊക്കെ അധികാരങ്ങൾ ഉണ്ടെന്നും ഇല്ലെന്നും റബർ സ്റ്റാമ്പാണോ അല്ലയോ എന്നുമൊക്കെ വിവിധ കേസുകളിൽ സുപ്രീം കോടതി വിധികളുണ്ട്. ബില്ലുകൾ പരിഗണിക്കുമ്പോൾ ഗവർണർക്ക് എന്തെല്ലാം അധികാരമുണ്ടെന്ന് 1979ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ആർട്ടിക്കിൾ 200 അനുസരിച്ച് മൂന്നു തരത്തിൽ ഗവർണർക്ക് തീരുമാനമെടുക്കാം. ബില്ലിന് സമ്മതം നല്കുകയോ സമ്മതം തടഞ്ഞുവയ്ക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയോ ചെയ്യാം. ഭരണഘടന പ്രകാരം ബില്ലിൽ സമ്മതമറിയിക്കാതെ തടഞ്ഞുവയ്ക്കാനുള്ള ഗവർണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്, അദ്ദേഹം വിശദീകരിച്ചു.
നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നിയമ മന്ത്രി പി. രാജീവ്, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, രജിസ്ട്രാർ ഷിജു ഷെയ്ഖ് തുടങ്ങിയവർ പങ്കെടുത്തു.
ബില്ലുകളിൽ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ ഗവർണറെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കേയാണ് ആർ.എൻ. രവിയുടെ പരാമർശങ്ങൾ. കേരള ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ചിൽ ഡിഎംകെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് ഗവർണറുടെ പരാമർശം.
Discussion about this post