തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയം ഇനി ഏറ്റെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നടക്കുന്നത് തട്ടിപ്പാണ്, നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചോദിച്ചു.
ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനു ശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാകില്ല. എന്നാല്‍ ഇത് ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും മാധ്യമങ്ങളോട് ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ വിഷയവും ഏറ്റെടുക്കുമെന്ന ഗവര്‍ണറുടെ പുതിയ പ്രഖ്യാപനം.
Discussion about this post