മല്‍സാനെ(മഹാരാഷ്ട്ര): ധാര്‍മികമായ ജീവിതാചരണത്തിലൂടെ മാത്രമേ മാനവക്ഷേമം സാധ്യമാകൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധര്‍മ്മപാത ഉപേക്ഷിച്ച് ഭൗതികവാദത്തിലൂടെ സുഖം തേടിപ്പോയ സമൂഹങ്ങള്‍ക്ക് അത് ലഭിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്‌വാഡിലെ നമോകാര്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിഗംബര്‍ ജൈന വിഭാഗത്തിന്റെ അന്താരാഷ്ട്ര പഞ്ചകല്യാണക പ്രതിഷ്ഠാ മഹോത്സവത്തില്‍പങ്‌തെടുക്കുകയായിരുന്നു സര്‍സംഘചാലക്.
ഭൗതികവാദം പിന്തുടര്‍ന്ന രാജ്യങ്ങള്‍ കൂടുതല്‍ സൗകര്യങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടാകാം. പക്ഷേ സന്തോഷം അവരില്‍ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുന്നു. അതുകൊണ്ടാണ് ഇന്നും മനുഷ്യരാശി നിരവധി പ്രശ്നങ്ങള്‍ നേരിടുന്നത്. ആധുനിക സാങ്കേതികവിദ്യയും പൗരാണികമായ അറിവും സമന്വയിപ്പിച്ചുകൊണ്ട് ധര്‍മ്മാചരണത്തിലൂടെ മാനവക്ഷേമം ഉറപ്പാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മ്മചിന്തയാണ് ഭാരതത്തിലെ വൈവിധ്യതയാര്‍ന്ന സമൂഹങ്ങളെ ഏകത്വത്തിലേക്ക് നയിക്കുന്നത്. അഹിംസ, ബഹുസ്വരത, അപരിഗ്രഹം തുടങ്ങിയ മൂല്യങ്ങള്‍ മനുഷ്യ പുരോഗതിക്ക് വഴിയൊരുക്കി. നമോകാര്‍ മനുഷ്യരാശിയുടെയും പ്രപഞ്ചത്തിന്റെയും ക്ഷേമത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ മന്ത്രമാണ്. ഈ മന്ത്രം ലോകവുമായി പങ്കിടേണ്ട സമയമാണിത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തപസ്സിനുള്ള മാര്‍ഗവും മാനവക്ഷേമ ആശയങ്ങളുടെ പ്രേരണാകേന്ദ്രവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പൂര്‍വികരായ ദേശസ്‌നേഹികളുടെ ത്യാഗം മൂലമാണ് നാം സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്ന് അനുഗ്രഹഭാഷണത്തില്‍ ആചാര്യ ദേവനന്ദി മഹാരാജ് പറഞ്ഞു. ആചാര്യന്മാരും സന്യാസിമാരുമാണ് രാജ്യത്തിന്റെ പൈതൃകം. അവരുടെ ആത്മീയതയും ഭക്തിയും രാജ്യത്തിന്റെ പുരോഗതിക്ക് പിന്നിലെ പ്രേരകശക്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗണാചാര്യ കുംഥുസാഗര്‍ മഹാരാജ്, എംഎല്‍എ ഡോ. രാഹുല്‍ അഹേര്‍ എന്നിവര്‍ സംസാരിച്ചു. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ജൈന ഭക്തര്‍ പങ്കെടുത്തു.















Discussion about this post