ലഖ്നൗ: ഹിന്ദുധര്‍മ്മം തന്നെയാണ് മാനവധര്‍മ്മമെന്നും ലോകത്ത് ഏതെങ്കിലും ഒരു മതേതര സമൂഹമുണ്ടെങ്കില്‍ അത് ഹിന്ദുസമൂഹമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവിധ ജാതികളുമായും സമ്പ്രദായങ്ങളുമായും മതവിഭാഗങ്ങളുമായും താദാത്മ്യം പ്രാപിക്കുന്നതിനുപകരം, നമ്മുടെ വ്യക്തിത്വം ഹിന്ദുവാണെന്ന് തിരിച്ചറിയുന്നതാണ് ഉത്തമമെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സാമൂഹിക ഐക്യമാണ് സമരസതയുടെ അടിസ്ഥാനം. ജാതിയും ഭാഷയുമല്ല, നാമെല്ലാവരും ഹിന്ദുക്കളാണെന്ന ഭാവമാണ് പ്രധാനം. ജാതിവ്യവസ്ഥ ക്രമേണ അപ്രത്യക്ഷമാകും. ഇന്നത്തെ യുവാക്കളുടെ പെരുമാറ്റത്തില്‍ അത് ദൃശ്യമാണ്. സംഘം ആരോടും ജാതി ചോദിക്കുന്നില്ല. എല്ലാ ഹിന്ദുക്കളും സഹോദരന്മാരാണെന്ന വികാരത്തോടെ പ്രവര്‍ത്തിക്കുന്നു. ജാതി മാറണമെങ്കില്‍ ജാതി മറക്കണം. സമൂഹത്തില്‍ ജാതിയുടെ പ്രാധാന്യം ഇല്ലാതാകുന്ന ദിവസം, ജാതിരാഷ്ട്രീയം ആയുധമാക്കുന്ന നേതാക്കളും മാറും, അദ്ദേഹം പറഞ്ഞു.
എത്ര അകന്നു ജീവിച്ചാലും ബന്ധങ്ങളുടെ വൈകാരികത നിലനിര്‍ത്താന്‍ കഴിയുമെന്നതാണ് കുടുംബങ്ങളുടെ സവിശേഷത. നമ്മുടെ കുട്ടികള്‍ ബന്ധുബലം അറിയണം. കുടുംബ പാരമ്പര്യങ്ങളും ആചാരങ്ങളും അനുഷ്ഠിക്കാന്‍ വര്‍ഷത്തിലൊരിക്കലെങ്കിലും എല്ലാവരും ഒത്തുകൂടണം. ഇത് തലമുറകള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നു. ഒരു നല്ല കുടുംബം ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. ആധുനികത നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്, എന്നാല്‍ അതിനര്‍ത്ഥം പാശ്ചാത്യവല്‍ക്കരണത്തെ അനുകൂലിക്കുന്നു എന്നല്ല. കുട്ടികളെ വീട്ടില്‍ ധര്‍മ്മബോധം പഠിപ്പിക്കണം. സമ്പത്ത് അല്ല, മൂല്യങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടത്, സര്‍സംഘചാലക് പറഞ്ഞു.ക്ഷേത്രങ്ങളുടെ നിയന്ത്രണം ഭക്തരുടെ കൈകളിലായിരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു. എന്നാല്‍ നമ്മള്‍ ഇതിനായി തയ്യാറെടുക്കേണ്ടതുണ്ട്. വിശ്വഹിന്ദു പരിഷത്ത് ഈ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്ര ഫണ്ടുകള്‍ ദേശീയ താല്‍പ്പര്യത്തിനും ഹിന്ദു ക്ഷേമത്തിനും വേണ്ടി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തികളെ നിര്‍മ്മിക്കുകയാണ് സംഘം ചെയ്യുന്നത്. വാങ്ങുന്നതിലല്ല, നല്കുന്നതിലാണ് അതിന്റെ രീതിശാസ്ത്രം കുടിയിരിക്കുന്നത്. അതുകൊണ്ടാണ് സംഘപ്രവര്‍ത്തകര്‍ അസ്വസ്ഥതയേതുമില്ലാതെ, സമര്‍പ്പിതരായി തുടരുന്നത്. രാജ്യത്തുടനീളമുള്ള അയ്യായിരം ഗ്രാമങ്ങള്‍ സംഘപ്രവര്‍ത്തകരുടെ പരിശ്രമത്തിലൂടെ വികാസത്തിന്റെ പാതയിലാണ്. 333 ഗ്രാമങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ഈ ഗ്രാമങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ സ്ഥാപിച്ചു. കുറ്റകൃത്യങ്ങളില്ലാത്തതിനാല്‍ ഇവിടങ്ങളില്‍ പോലീസ് കേസുകളില്ല. ഭൂരഹിതരായ കര്‍ഷകര്‍ക്ക് ഭൂമി നല്‍കി. തൊഴില്‍ സൃഷ്ടിച്ചു. ഗ്രാമീണ കര്‍ഷകരെ പുരോഗതിയിലേക്ക് നയിച്ചു, അദ്ദേഹം വിശദീകരിച്ചു.
















Discussion about this post