തൃശ്ശിവപേരൂര്‍ മഹാനഗര്‍ സംഘ ജില്ലയില്‍ അവണിശ്ശേരി നഗര്‍ സംഘചാലകായ മാധവേട്ടന്‍ മകരമാസത്തിലെ പൂയം നക്ഷത്രമായ ഇന്ന് ശതാഭിഷിക്തനാവുന്നു. 1939 ഫെബ്രു. 1 ന് പള്ളത്തേരി മനയില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനായി ജനിച്ച പി. മാധവന്‍ നമ്പൂതിരി സ്വയംസേവകര്‍ക്ക് മാധവേട്ടനാണ്. 1964 ല്‍ 25 ാം വയസില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ശാഖയിലെ സ്വയംസേവകനായി സംഘപ്രവര്‍ത്തനം ആരംഭിച്ച മാധവന്‍ ആറു പതിറ്റാണ്ടായി സംഘസപര്യ തുടരുന്നു.
താന്‍ സ്വയംസേവകനായ വഞ്ചിയൂര്‍ ശാഖ പരമേശ്വര്‍ജി ആരംഭിച്ച ശാഖയാണ് എന്ന് പറയുമ്പോള്‍ മാധവേട്ടന്‍റെ കണ്ണുകളിലുണ്ടാകുന്ന തിളക്കം പരമേശ്വര്‍ജിയടക്കമുള്ള കാര്യകര്‍ത്താക്കള്‍ അദ്ദേഹത്തെ എത്രമാത്രം സ്വാധീനിച്ചുവെന്ന് വിളിച്ചുപറയുന്നതാണ്. സംഘം ഏല്പിച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മാധവേട്ടന് തന്‍റെ ഔദ്യോഗിക കുടുംബജീവിതങ്ങള്‍ തടസമായില്ല. 1970 (പറളി), 1971 (വിവേകോദയം), 1979 (നാഗ്പൂര്‍) എന്നിവിടങ്ങളിലായി മാധവന്‍ പ്രഥമ, ദ്വിതീയ, തൃതീയ സംഘശിക്ഷാ വര്‍ഗുകള്‍ പൂര്‍ത്തീകരിച്ചു. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലെ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ എന്ന ചുമതലയില്‍ നിന്ന് 1994 ല്‍ വിരമിച്ച ശേഷം പൂര്‍ണ സമയവും സമാജത്തിനു വേണ്ടി മാറ്റിവെച്ച അദ്ദേഹം ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഓഡിറ്റര്‍, തന്ത്രവിദ്യാപീഠം ഭരണസമിതി അംഗം എന്നീ ചുമതലകളും വഹിച്ചു. പി. പരമേശ്വര്‍ജി, പി. മാധവ്ജി, എ.വി. ഭാസ്‌കര്‍ജി തുടങ്ങിയ മുതിര്‍ന്ന പ്രചാരകന്മാരുമായുളള അടുപ്പവും സംഘജീവിതവും അദ്ദേഹത്തിന്‍റെ കുടുംബത്തേയും മാതൃകാ സംഘകുടുംബമാക്കി മാറ്റി.

32 ാം വയസില്‍ നെടിയപറമ്പ് പാര്‍വ്വതി അന്തര്‍ജനത്തോടൊപ്പം ആരംഭിച്ച ദാമ്പത്യജീവിതം (സംഘത്തിന്‍റെ പ്രാന്തീയ സേവാപ്രമുഖും ഗുരുവായൂര്‍ ജില്ലാ സംഘചാലകുമായിരുന്ന എന്‍.ഡി. ആര്യന്‍റെ ജ്യേഷ്ഠ സഹോദരിയാണ് പാര്‍വ്വതി അന്തര്‍ജനം) അദ്ദേഹത്തിന്‍റെ സംഘജീവിതത്തെ സുദൃഢമാക്കി.
മക്കളായ ശ്രീദേവിയും ആരതിയും അച്ഛന്‍റെ ആദര്‍ശം നെഞ്ചേറ്റാന്‍ പ്രേരണയായത് ആ ഗൃഹാന്തരീക്ഷമാകാം. ശ്രീദേവി എന്‍ടിയു വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ, ഭാരതീയ വിചാരകേന്ദ്രം ജില്ലാ ജോ. സെക്രട്ടറി, അഖില കേരള അക്ഷരശ്ലോക പരിഷത്ത് ജോ. സെക്രട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നു. മരുമക്കളായ വേണാട് ഹരിയും പാലയൂര്‍ ശങ്കരനാരായണനും സമാനപാതയില്‍ തന്നെ.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി സംഘചാലകായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇന്നും തന്‍റെ വരുമാനത്തിന്‍റെ നല്ലൊരു പങ്ക് സംഘടനാ കാര്യങ്ങള്‍ക്കും സേവനപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെക്കുന്നു.
ശതാഭിഷേക നിറവിലും ഭാരതാംബയുടെ കാല്‍ക്കല്‍ സര്‍വ്വവും സമര്‍പ്പിക്കാന്‍ വെമ്പുന്ന പി. മാധവന്‍ നമ്പൂതിരി സ്വയംസേവകര്‍ക്ക് എന്നും പ്രേരണയാണ്.
Discussion about this post