തിരുവല്ല : തിരുവല്ലയിലെ വേങ്ങലിൽ മരിച്ച 72 കാരന്റെ സംസ്കാര ചടങ്ങുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യനാവേലി പാലത്തിൽ വച്ച് നടത്തി. 3 ദിവസം മുൻപ് മരിച്ച വേങ്ങൽ ചക്കുളത്തുകാവിൽ വീട്ടിൽ പിസി കുഞ്ഞുമോന്റെ സംസ്കാര ചടങ്ങുകൾ ആണ് ഞായറാഴ്ച ഉച്ചയോടെ പാലത്തിൽ വച്ച് നടത്തിയത്. മരിച്ച കുഞ്ഞുമോന്റെ മൃതദേഹം വെള്ളപ്പൊക്കം കാരണം കഴിഞ്ഞ മൂന്നുദിവസമായി മോർച്ചറിയിൽ വച്ചിരിക്കുകയായിരുന്നു. മൂന്ന് ദിവസം പിന്നിട്ടിട്ടും കുഞ്ഞുമോന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടക്കമുള്ള വെള്ളക്കെട്ട് ഒഴിയാത്ത സാഹചര്യത്തിലാണ് പാലത്തിൽ വച്ച് സംസ്കാര ചടങ്ങുകൾ നടത്തുവാൻ ബന്ധുക്കളും നാട്ടുകാരും തീരുമാനിച്ചത്.













