കൊച്ചി: മനുഷ്യർ തങ്ങളുടെ ആർഭാടം കുറച്ചാൽ പ്രകൃതിയെ രക്ഷിക്കാമെന്ന് കേരളാ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. എറണാകുളത്തപ്പൻ മൈതാനിയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകൃതി സൗഹൃദ ജീവിതത്തിൽ മിതവ്യയത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ അധികരിച്ച് നടന്ന പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനൊഴികെ ഭൂമിയിലെ എല്ലാ ജീവിവർഗവും പ്രകൃതി സൗഹ്യദമായി ജീവിക്കുമ്പോൾ മനുഷ്യന്റെ അത്യാർത്തിയും ആഡംബര ജീവിതത്തിനുള്ള ത്വരയുമാണ് പ്രകൃതിയുടെ നാശത്തിന് വഴിവയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ തുക മുടക്കി പണിത 18 ലക്ഷത്തിലധികം വീടുകൾ സംസ്ഥാനത്ത് ആൾ താമസമില്ലാതെ അടഞ്ഞുകിടക്കുകയാണ്. ഇത്തരം പ്രവണത സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയും ആർഭാട ജീവിത ശൈലിയുടെ ഉത്തമ ഉദാഹരണവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയെ അമിതമായി ചൂഷണം ചെയ്യുന്നതാണ് പ്രകൃതിയുടെ സന്തുലനം തെറ്റുന്നതും പ്രകൃതിക്ഷോഭങ്ങളും മറ്റും ഉണ്ടാകുന്നതിൻ്റെയും മുഖ്യകാരണമെന്നും ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.

പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപി നാഥ് അധ്യക്ഷനായ സമ്മേളനത്തിൽ ഡോ. എ. ശ്രീകുമാർ മുഖ്യാതിഥിയായി. പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ പ്രഭാഷണം നടത്തി.
വായുജിത് അവതാരകനായ പാനൽ ചർച്ചയിൽ പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡോ. സി.എൻ. മനോജ്, ഡോ. വേണു ജി. നായർ, ഡി. ബാബുരാജ്, അനിൽ ജോസ് മിത്രകുലം എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പി.വി. സഞ്ജീവ്, കെ.എസ്. സുമേഷ് എന്നിവർ സംസാരിച്ചു.
നാഷണൽ സ്റ്റുഡൻസ് പര്യാവരൺ മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങളെ ചടങ്ങിൽ ഡോ. മോഹനൻ കുന്നുമ്മൽ അനുമോദിച്ചു.

















