പൂനെ: മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്തി സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് വനവാസി കല്യാണാശ്രമം. അക്രമങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ചികയാനുള്ള സമയമല്ലിത്. മറിച്ച് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള സമയമാണെന്ന് കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ രാമചന്ദ്ര ഖരാഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അകത്തും പുറത്തുമുള്ള വിധ്വംസകശക്തികള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന ഈ കാലത്ത് രാജ്യത്തെ ആദരണീയരായ വ്യക്തികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമാധാനത്തിനായി മുന്നിട്ടിറങ്ങണം. മണിപ്പൂര്‍ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശമാണെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രശ്നപരിഹാരത്തിനായി കൂടുതല്‍ സമയം പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുക്കി-മെയ്തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മുഴുവന്‍ രാജ്യത്തെയും ആശങ്കയിലാക്കുന്ന വിധം തുടരുകയാണ്. ഒന്നര മാസമായി തുടരുന്ന അക്രമം നൂറുകണക്കിനാളുകളുടെ ജീവന് അപഹരിച്ചു. ആയിരക്കണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കി. ജനങ്ങള്‍ അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യമുടലെടുത്തു.
ജീവനും സ്വത്തിനും മാത്രമല്ല നഷ്ടമുണ്ടായത്. ആയിരത്താണ്ടുകളായി അയല്‍വാസികളെപ്പോലെ കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളുടെയിടയില് പരസ്പരവിശ്വാസം തകര്‍ന്നിരിക്കുന്നു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണം ഇതാണ്. തകര്‍ന്ന വീടുകള്‍ വീണ്ടും നിര്‍മ്മിക്കപ്പെടും, എന്നാല്‍ തകര്‍ന്ന വിശ്വാസത്തെ കൂട്ടിയിണക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് രാമചന്ദ്ര ഖരാഡി പറഞ്ഞു.
Discussion about this post